കൊച്ചി: നടിയെ ആക്രമിച്ചതിന് പിറകിലുള്ള ഗൂഢാലോചനയെക്കുറിച്ച് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയെന്ന് സൂചന. ജയിലില്‍ കഴിഞ്ഞിരുന്ന സുഹൃത്ത് ചാലക്കുടി സ്വദേശിയായ ജിന്‍സിനാണ് സുനി വിവരങ്ങള്‍ കൊമാറിയിരിക്കുന്നത്. മറ്റൊരു കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇയാള്‍ വിവരങ്ങള്‍ പോലീസിന് കൈമാറി.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ചെയ്തതെന്നും പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞിരുന്നു. ജയില്‍ അധികാരികള്‍ വഴി ഈ വിവരം അറിഞ്ഞ അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു. സുഹൃത്തുക്കളായി മാറിയ ഇവര്‍ നടിയെ ആക്രമിച്ച കേസിന്റെ വിവരങ്ങളും പങ്കുവെച്ചിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പള്‍സര്‍സുനി വെളിപ്പെടുത്താത്ത പല കാര്യങ്ങളും ജിന്‍സനോടും പറഞ്ഞിരുന്നു.

നേരത്തെ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാം. പുതിയ മൊഴികള്‍ തെളിവു നിയമപ്രകാരം പ്രോസിക്യൂഷന് സഹായകരമല്ല. അതിനാലാണ് സഹതടവുകാരന്റെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാന്‍ പോലീസിന് നിയമോപദേശം ലഭിച്ചത്. അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ ആലുവ മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് എറണാംകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മൊഴി മുദ്രവച്ച കവറില്‍ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണം.

ഫെബ്രുവരി 17ന് രാത്രിയിലാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ അന്നുമുതലേ നടിയുടെ സുഹൃത്തുക്കള്‍ ഗൂഢാലോചന ആരോപിച്ചിരുന്നു. എന്നാല്‍ ഗൂഢാലോചനയില്ലെന്ന നിലപാടിലായിരുന്നു പോലീസ്.