പെരിന്തല്‍മണ്ണ: പി.വി അന്‍വര്‍ എം.എല്‍.എ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മിച്ച തടയണ സ്വന്തം നിലയില്‍ രണ്ടാഴ്ചക്കുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്. ഉടമയുടെ സ്വന്തം ചെലവില്‍ തടയണ പൊളിക്കാത്ത സാഹചര്യമുണ്ടായാല്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കും. ഇതിന് വരുന്ന ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കുകയും ചെയ്യും. തടയണ പൊളിക്കുന്നതിന്റെ ഉത്തരവാദിത്തം ചെറുകിട ജലസേചന വകുപ്പിനായിരിക്കും. കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഉത്തരവിന്റെ പകര്‍പ്പ് തടയണ സ്ഥിതി ചെയ്യുന്ന വെറ്റിലപ്പാറ വില്ലേജ് ഓഫീസിലേക്ക് അയച്ചു. ദുരന്ത നിവാരണ നിയമം അട്ടിമറിച്ചാണ് പി.വി അന്‍വര്‍ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചതെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പെരിന്തല്‍മണ്ണ ആര്‍.ഡി. ഒ അജീഷ് കുന്നത്ത് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിവിധ വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ആര്‍.ഡി.ഒ ജില്ലാ കലക്ടര്‍ക്ക് ഏകോപിപ്പിച്ച അമിത് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തടയണ ഉടന്‍ പൊളിച്ചു നീക്കണമെന്ന അടിയന്തര പ്രാധാന്യമുള്ള ഉത്തരവിലേക്ക് ദുരന്ത നിവാരണ വിഭാഗം എത്തിചേര്‍ന്നത്.
പഞ്ചായത്തിന്റെയോ വനം വകുപ്പിന്റെയോ അനുമതിയില്ലാതെ വനത്തിലൂടെയൊഴുകുന്ന അരുവി തടസപ്പെടുത്തി പി.വി അന്‍വര്‍ നിര്‍മിച്ച തടയണ ഉരുള്‍പൊട്ടലിനും വന്‍തോതില്‍ മണ്ണൊലിപ്പിനും കാരണമാകുമെന്നും അതിനാല്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ആഴ്ചകള്‍ക്ക് മുമ്പ് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആദലര്‍ഷന്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒക്ക് നല്‍കിയിരുന്നു. വനത്തില്‍ ഉടലെടുത്ത് ചാലിയാറില്‍ പതിക്കേണ്ട കാട്ടരുവിയിലാണ് പി.വി അന്‍വര്‍ മണ്‍ തടയണ കെട്ടി തടഞ്ഞിരിക്കുന്നത്.
മണ്ണുകൊണ്ടുള്ളതായതിനാല്‍ ബലം കുറവായിരിക്കും. എപ്പോള്‍ വേണമെങ്കിലും ഇത് തകരാം. തടയണ പൊട്ടിയാല്‍ നിലവിലുള്ള നീര്‍ച്ചാല്‍ ഗതിമാറി വനത്തിലേക്ക് ഒഴുകും. ആന ഉള്‍പെടെ വന്യജീവികളുടെ സാന്നിധ്യമുള്ള സ്ഥലത്താണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തടയണയും റോപ് വേയും നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ മൂന്നുഭാഗത്തും നിക്ഷിപ്ത വനമാണ്. തടയണയിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും വനത്തെ നേരിട്ട് ബാധിക്കും. വനഭൂമിയും റോപ്‌വേയുടെ തൂണുകളും തമ്മില്‍ മുപ്പത് മീറ്റര്‍ മാത്രം അകലമാണുള്ളത്. ഇവിടേക്ക് വിനോദസഞ്ചാരികളെത്തുന്നത് വനത്തിനും വന്യജീവികളുടെ ആവാസവ്യവസ്ഥക്കും ദോഷം ചെയ്യുമെന്നും ഡി.എഫ്.ഒ റിപ്പോര്‍ട്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.