ദോഹ: വ്യോമയാന മേഖലയില്‍ വന്‍വികസനപദ്ധതികളുമായി ശക്തമായ സാന്നിധ്യമായി ഖത്തര്‍ എയര്‍വേയ്‌സ് മുന്നോട്ടുപോകുന്നതായി ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഓരോ പത്തു മുതല്‍ പന്ത്രണ്ട് ദിവസം കൂടുമ്പോഴും പുതിയ എയര്‍ക്രാഫ്റ്റ് സ്വീകരിച്ചാണ് സേവനങ്ങളും സര്‍വീസുകളും വിപുലീകരിക്കുന്നതെന്നും ദി ബിസിനസ് ഇയറിനു നല്‍കിയ അഭിമുഖത്തില്‍ അല്‍ബാകിര്‍ വ്യക്തമാക്കി.

പുതിയ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നതിനൊപ്പം നിലവിലുള്ളവ വികസിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ എയര്‍ക്രാഫ്റ്റുകളാണ് കമ്പനി കൂടുതലായി ഉപയോഗിക്കുന്നത്.
വിമാനങ്ങള്‍ വാങ്ങുന്നതിനായി ബോയിംഗുമായി അടുത്തിടെ ചരിത്രപരമായ കരാറിലാണ് കമ്പനി ഏര്‍പ്പെട്ടത്. ലോകത്തെ എല്ലാ നഗരങ്ങളിലേക്കും സര്‍വീസ് വിപുലീകരണത്തിനാണ് ശ്രമങ്ങള്‍.

ബിസിനസ്, ഒഴിവുകാല വിനോദ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. നിലവിലുള്ള റൂട്ടുകളില്‍ സര്‍വീസ് വികസിപ്പിക്കും. യത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് വികസനം. മുപ്പതാമത് ബോയിംഗ് 787 ഡ്രീംലൈനര്‍, ഏഴാമത് എയര്‍ബസ് എ 380, പതിനാലാമത് എയര്‍ബസ് എ 350 വിമാനങ്ങള്‍ അടുത്തിടെ സ്വീകരിച്ചു.

നടപ്പു വര്‍ഷത്തില്‍ 14 റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഓക്‌ലാന്‍ഡിലേക്കുള്ള ആദ്യവിമാനം ഫെബ്രുവരിയില്‍ സര്‍വീസ് തുടങ്ങും. ലോകത്തെ ദൈര്‍ഘ്യമേറിയ വാണിജ്യ വിമാനം എന്ന ചരിത്രനേട്ടംകൂടിയാണ് ഇതോടെ സാധ്യമാകുക. പതിനേഴര മണിക്കൂര്‍ സമയമെടുത്ത് 14,535 കിലോമീറ്ററാണ് ദോഹയില്‍ നിന്നും ഓക്‌ലാന്‍ഡിലേക്ക് യാത്ര ചെയ്യുക. ലോകത്തെ മികച്ച എയര്‍ലൈന്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമായാണ് വിമാനങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നത്.

ലോകത്തെ പ്രമുഖ വിമാനക്കമ്പനികളില്‍ ഓഹരിയെടുക്കുന്നതിനും പങ്കാളിത്തം വര്‍ധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഐ എ ജിയിലെ ഓഹരികള്‍ 15.67ല്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തി.
ഇതിന്റെ ഫലം കമ്പനിക്കു ലഭിക്കുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുമായി കോഡ് ഷെയറിംഗ് കരാറിലെത്തി. കോഡ് ഷെയറിംഗുകള്‍ ഇരു വിമാനങ്ങളുടെയും യാത്രക്കാര്‍ക്ക് വര്‍ധിച്ച സൗകര്യങ്ങള്‍ നല്‍കുന്നു.
ഇരു കമ്പനികള്‍ക്കും ഫലവും ലഭിക്കുന്നു. രാജ്യത്തെ ടൂറിസം മേഖലയും ടൂറിസം അതോറിറ്റിയും ഖത്തര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.