• ഫെറി അല്‍റുവൈസ് തുറമുഖത്ത് നിന്ന് സല്‍മാനിലേക്ക്

ദോഹ: വാഹനങ്ങളെയും യാത്രക്കാരെയും കൊണ്ടുപോകാവുന്ന ഫെറി സേവനം(കടത്തു വള്ളം) ഖത്തറിനും ബഹ്്‌റയ്‌നും ഇടയില്‍ അടുത്ത വര്‍ഷം ആരംഭിക്കാന്‍ പ്രാദേശിക കമ്പനി പദ്ധതി തയ്യാറാക്കി. വടക്കന്‍ ഖത്തറിലെ അല്‍റുവൈസ് തുറമുഖത്ത് നിന്ന് ബഹ്്‌റയ്‌നിലെ സല്‍മാന്‍ തുറമുഖത്തേക്ക് ദിവസേന രണ്ട് റിട്ടേണ്‍ ട്രിപ്പാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഇതില്‍ കടത്താന്‍ സാധിക്കും. അടുത്ത കാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സേവനം ആരംഭിക്കുന്ന ആദ്യ ഫെറി സേവനമാണിത്. ഖത്തരി കമ്പനിയായ ഗള്‍ഫ് ഫെറിയും ദോഹയിലെ സോറ മറൈന്‍ സര്‍വീസും യോജിച്ചാണ് കടത്ത് സേവനം ആരംഭിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്തയാണ് പുതിയ സേവനം. ഖത്തറും ബഹ്്‌റയ്‌നും തങ്ങളുടെ വാഹനങ്ങളില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കും പുതിയ മാര്‍ഗം തുറന്നു കിട്ടുകയാണ്.
ഒന്നര മുതല്‍ രണ്ടര മണിക്കൂര്‍ വരെയാണ് ഒരു യാത്രയ്ക്ക വേണ്ടി വരിക. റോഡ് മാര്‍ഗമുള്ള ഖത്തര്‍-ബഹ്്‌റയ്ന്‍ യാത്രയ്ക്ക് നാലര മണിക്കൂര്‍ വേണം. സൗദി അറേബ്യ മുറിച്ചുകടന്നു വേണം യാത്ര ചെയ്യാന്‍. ഖത്തര്‍-ബഹ്്‌റയ്ന്‍ കോസ്‌വേ പണിയുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും യാഥാര്‍ഥ്യമായില്ല.
ഫെറി സേവനം വിജയകരമാവുകയാണെങ്കില്‍ ഖത്തര്‍-യുഎഇ സേവനം ആരംഭിക്കാനും പദ്ധതിയുണ്ട്. ഒരു രാത്രി മുഴുവന്‍ യാത്ര വേണ്ടി വരുമെന്നതിനാല്‍ ബഹ്്‌റയ്ന്‍-ഖത്തര്‍ സര്‍വീസിന് ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ വാഹനം ഇതിന് വേണ്ടി വരും.
ഖത്തര്‍-ബഹ്്‌റയ്ന്‍ സര്‍വീസിനായി ഒരു ബോട്ട് തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. അടുത്തത് ഉടന്‍ ഒരുങ്ങും. ഓരോ ബോട്ടിലും 40 വാഹനങ്ങളും 100 യാത്രക്കാരെയും കടത്താനാവും. വാഹനം നേരിട്ട് ബോട്ടിലേക്ക് ഓടിച്ച് കയറ്റാവുന്ന രൂപത്തിലുള്ളതാണ് ഇതിന്റെ ഘടന.
യാത്രക്കാര്‍ക്ക് പ്രത്യേകമായ സൗകര്യമുണ്ടാവും. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ പുറത്തുവിടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഖത്തറിനും ഇറാനും ഇടയില്‍ ഉണ്ടായിരുന്ന ഫെറി സര്‍വീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചിരുന്നു. പുതിയ സര്‍വീസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന അല്‍റുവൈസ് തുറമുഖത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം ആദ്യമാണ്് പ്രധാനമന്ത്രി ഉദ്്ഘാടനം ചെയ്തത്.