ദോഹ: അറബ് മേഖലാതലത്തിലും രാജ്യാന്തരതലത്തിലും മയക്കുമരുന്ന് പ്രതിരോധ മേഖലയില്‍ മികച്ച സഹകരണത്തിനും വിവരങ്ങള്‍ പങ്കുവയ്ക്കലിനുമുള്ള പുരസ്‌കാരം ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്. ടുണീഷ്യയിലെ അറബ് ആഭ്യന്തര മന്ത്രാലയ കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന അറബ് മയക്കുമരുന്ന് വിരുദ്ധ വകുപ്പ് തലവന്‍മാരുടെ 30മത് സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അറബ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മയക്കുമരുന്നുനെതിരായ പോരാട്ടത്തിനും ഇതുമായി ബന്ധപ്പെട്ട് സഹോദര,

സുഹൃദ് രാജ്യങ്ങളുമായുള്ള സഹകരിച്ചുള്ള പ്രവര്‍ത്തനത്തിനും ഖത്തറിന് ലഭിച്ച അംഗീകാരമായാണ് പുരസ്‌കാരത്തെ കണക്കാക്കുന്നത്. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ(ഡിഇഎ) മികച്ച പ്രവര്‍ത്തനങ്ങളും പുരസ്‌കാരനിര്‍ണയത്തില്‍ നിര്‍ണായകമായി. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പുരസ്‌കാരം നേടാനായതില്‍ അഭിമാനമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് ഖലീഫ അല്‍കുവാരി പറഞ്ഞു.
ഖത്തര്‍ ആന്റ് ഡ്രഗ്‌സ് വിഭാഗം ഉപമേധാവി ബ്രിഗേഡിയര്‍ അംറു മുഹമ്മദ് സാലിഹ് അല്‍ഹമീദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ പങ്കെടുത്തത്.