ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഏകദേശം അഞ്ചു മില്യണ്‍ ഡോളറോളം നല്‍കാന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി തീരുമാനിച്ചു. വിസ ലഭിക്കാനായി നല്‍കിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരിച്ചു നല്‍കുക എന്ന ലക്ഷ്യത്തിലാണ് നടപടി. റിക്രൂട്ട്‌മെന്റ് തുക തിരിച്ചു നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എസ്.സി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തുകയായിരുന്നു. തൊഴിലാളികള്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ തുക നല്‍കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഡിയങ്ങളുടെ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കോണ്‍ട്രാക്റ്റര്‍മാരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. എസ്.സിയുടെ വര്‍ക്കേര്‍സ് വെല്‍ഫെയര്‍ സ്റ്റാന്‍ഡേര്‍ഡ്(ഡബ്ല്യൂ.ഡബ്ല്യൂ.എസ്) മാനദണ്ഡ പ്രകാരം തൊഴിലാളികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ഫീ വാങ്ങാന്‍ പാടില്ല. ലോകകപ്പിന്റെ നിര്‍മാണങ്ങളില്‍ ഏര്‍പ്പെട്ട കോണ്‍ട്രാക്റ്റിങ് കമ്പനികള്‍ക്ക് എസ്.സി ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഡബ്ല്യൂ.ഡബ്ല്യൂ.എസ് വരുന്നതിന് മുമ്പാണ് പല കമ്പനികളും തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇതിന് പരിഹാരം കാണുന്നതിനാണ് റിക്രൂട്ട്‌മെന്റ് ഫീ തിരിച്ചു നല്‍കുക എന്ന ലക്ഷ്യത്തില്‍ യുനിവേഴ്‌സല്‍ പെയ്‌മെന്റ് എന്ന പേരില്‍ പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
ലോകകപ്പ് നിര്‍മാണ പ്രവൃത്തികള്‍ക്കായി ഖത്തറിലെത്തിയവരില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ഫീ വാങ്ങിയത് തിരിച്ചു നല്‍കുന്നുവെന്നതിന്റെ പ്രധാന്യത്തെ വിലകുറച്ചുകാണേണ്ടതില്ലെന്നും ലോകത്തുടനീളം ഈ നീതീകരിക്കാനാവത്ത രീതി നിലവിലുണ്ടെന്നും പല രാജ്യങ്ങളും ഇതിനെ എങ്ങിനെ നേരിടുമെന്നതില്‍ ബുദ്ധിമുട്ട് നേരിടുകയാണെന്നും എസ്.സി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു. തങ്ങളുടെ കുടുംബങ്ങള്‍ക്കായി അന്നം കണ്ടെത്താന്‍ നാടുവിടുന്നവരാണ് ചൂഷണം ചെയ്യപ്പെടുന്നതെന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ലോകകപ്പ് ഖത്തറിനും ലോകത്തിനും നന്മയുടെ മാറ്റങ്ങള്‍ കാണിക്കാന്‍ കഴിയുന്ന ഒന്നാകുമെന്ന വിശ്വാസത്തില്‍ തങ്ങള്‍ മുന്നേറുകയാണ്. റിക്രൂട്ട്‌മെന്റ് ഫീ വലിയ ഒരു പ്രശ്‌നമാണ്. ഫീ തിരിച്ചു നല്‍കാന്‍ നിരവധി കമ്പനികളുമായി തങ്ങള്‍ കരാറിലെത്തിക്കഴിഞ്ഞു. ഖത്തറില്‍ ജോലിക്ക് എത്തുന്നതിന് അവര്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളും നഷ്ടങ്ങളും പരിഹരിക്കപ്പെടാന്‍ ഇത് ഉപകരിക്കുമെന്നും തവാദി പറഞ്ഞു.
ഫീ തിരിച്ചു നല്‍കാന്‍ തയ്യാറായ കമ്പനികളുടെ വിവരം എസ്.സി പുറത്തുവിട്ടിട്ടുണ്ട്. ലുസൈല്‍ സ്റ്റേഡിയത്തിന്റെ മെയിന്‍ കോണ്‍ട്രാക്റ്ററായ എച്.ബി.കെ 2.7 മില്യണ്‍ ഖത്തര്‍ റിയാല്‍ 1500 തൊഴിലാളികള്‍ക്ക് നല്‍കും. മാസത്തില്‍ 10 റിയാല്‍ വീതം സ്‌പെഷല്‍ പ്രൊജക്റ്റ് അലവന്‍സ് എന്ന രീതിയിലാണ് നല്‍കുക. അല്‍റയ്യാന്‍ സ്റ്റേഡിയത്തിന്റെ കരാറുകാരായ ലാര്‍സന്‍ ആന്റ് ടര്‍ബോ, നകീല്‍, പെട്രോ സര്‍വ് തുടങ്ങിയ കമ്പനികളും തൊഴിലാളികള്‍ക്ക് പ്രത്യോക പാക്കേജ് വഴി പണം തിരിച്ചു നല്‍കും.