ന്യൂഡല്‍ഹി: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറുകളെ പിന്തുണക്കുന്നതായും രോത്തിന്റെ വക്താക്കളോട് അന്തസ്സോടെയാണ് പോരാടിയ കോണ്‍ഗ്രസ് അണികളെ അഭിനന്ദിക്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.


‘കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളുടെ വിധി അംഗീകരിക്കുകയും രണ്ട് സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറുകളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്ക്, അവര്‍ എനിക്കു നേരെ കാണിച്ച സ്‌നേഹത്തിന്റെ പേരില്‍ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു.’


‘എന്റെ കോണ്‍ഗ്രസ് സഹോദരീ സഹോദരന്മാരേ… നിങ്ങള്‍ എന്റെ അഭിമാനമുയര്‍ത്തി. നിങ്ങള്‍, നിങ്ങളോട് പോരാടിയവരേക്കാള്‍ വ്യത്യസ്തരാണ്. നിങ്ങള്‍ രോഷത്തോട് മാന്യത കൊണ്ടാണ് പോരാടിയത്. മാന്യതയും ധൈര്യവുമാണ് കോണ്‍ഗ്രസിന്റെ വലിയ ശക്തി എന്ന് നിങ്ങള്‍ എല്ലാവര്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ചു’ – രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.