കോണിക്കല്‍ കാദര്‍
സുല്‍ത്താന്‍ ബത്തേരി: വല്യമ്മയായ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും പിതാവായ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും രാഷ്ട്രീയ പ്രചാരണത്തിനെത്തി ജനങ്ങളെ ആവേശഭരിതരാക്കിയ വയനാടിന്റെ ഭൂമികയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രിയ പുത്രന്‍ രാഹുല്‍ഗാന്ധി എത്തുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ രാഷ്ട്രത്തിന് വേണ്ടി ജീവാര്‍പ്പണം നടത്തിയ നെഹ്‌റു കുടുംബത്തിലെ രണ്ട് പ്രധാനമന്ത്രിമാരുടെ ഇവിടെ വന്നുള്ള രാഷ്ട്രീയ പ്രചരണ യോഗങ്ങളും ചര്‍ച്ചയാവുന്നു. ദക്ഷിണേന്ത്യയിലെ ജനതയെയും അവരുടെ സംസ്‌കാരത്തെയും മാനിച്ചായിരുന്നു മണ്‍മറഞ്ഞ രണ്ട് പ്രധാനമന്ത്രിമാരും കേരളത്തിന്റെ ഒരു കൊച്ചു ജില്ലയായ വയനാട്ടിലെത്തിയത്. 1977-ല്‍ അന്നത്തെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന കെ രാഘവന്‍ മാസ്റ്റര്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ശ്രീമതി ഇന്ദിരാഗാന്ധി സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്തത്.
രാഷ്ട്രത്തിന്റെ കരുത്തും പുരോഗതിയും മതനിരപേക്ഷതയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംഭാവനയാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഒരിക്കല്‍കൂടി ശ്രീമതി ഇന്ദിരാഗാന്ധി സുല്‍ത്താന്‍ ബത്തേരിയിലെത്തി. 1980-ല്‍ അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനായിരുന്നു അവസാന വരവ്. ഇന്ത്യയുടെ എല്ലാ മുക്കുമൂലകളിലെ പ്രദേശങ്ങളിലും എത്തിപ്പെട്ട പ്രധാനമന്ത്രി കൂടിയായിരുന്നു ശ്രീമതി ഗാന്ധി. അന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് യു.ഡി.എഫ് താലൂക്ക് ചെയര്‍മാനായിരുന്ന മുസ്‌ലിം ലീഗ് നേതാവ് എം.എ മുഹമ്മദ് ജമാലായിരുന്നു. 1987ലാണ് രാജീവ്ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം വയനാട്ടിലെത്തിയത്. മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മാനന്തവാടിയില്‍ വെച്ച് പതിനായിരങ്ങളോട് പൊതു സമ്മേളനത്തില്‍ വോട്ടഭ്യര്‍ത്ഥിച്ചു.
മാതാവ് ഇന്ദിരാഗാന്ധിയുടെ ജീവത്യാഗത്തിന് ശേഷം 1984-ല്‍ പ്രധാനമന്ത്രിയായ ഉടനെ സുല്‍ത്താന്‍ ബത്തേരിയില്‍ വരാനും കല്ലൂരിലെ പണപ്പാടി ആദിവാസി കോളനി സന്ദര്‍ശിക്കാനും രാജീവ്ഗാന്ധി പദ്ധതിയിട്ടിരുന്നു. മോശം കാലാവസ്ഥ കാരണം ഇദ്ദേഹത്തിന്റെ ഹെലികോപ്റ്ററിനിറങ്ങാന്‍ കഴിയാത്തതുകൊണ്ട് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഹെലിപ്പാടിലിറങ്ങി തിരിച്ചുപോയി. നവഭാരത സൃഷ്ടിക്കായി സമാനതകളില്ലാത്ത സല്‍ഭരണം കാഴ്ചവെച്ച വല്യമ്മയുടെയും പിതാവിന്റെയും ചരിത്ര സ്മരണകള്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് രംഗത്ത് ഒളിമങ്ങാത്ത ഓര്‍മ്മകളാവും.