തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയും ശനിയാഴ്ചയും ഇടുക്കി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബുധനാഴ്ച ( ഇന്ന്) വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ച മലപ്പുറം, ഞായറാഴ്ച എറണാകുളം ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.