മമ്മുട്ടി നായകനായി അഭിനയിച്ച പോക്കിരി രാജയിലെ രാജ എന്ന കഥാപാത്രവുമായി വീണ്ടും സംവിധായകന്‍ വൈശാഖ്. പുലിമുരുകന്റെ വിജയത്തിനു ശേഷം മമ്മുട്ടിയെ നായകനാക്കി പുതിയ ചിത്രവുമായി എത്തുന്ന സന്തോഷത്തിലാണ് സംവിധായകന്‍. പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് രാജാ2വിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ വൈശാഖ് പങ്കുവെക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയരേ…
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍…
ഈ പുതുവര്‍ഷം എനിക്ക് ഏറെ ആഹ്ലാദകരമാക്കിത്തന്നത് നിങ്ങളാണ്…
നിങ്ങളുടെ പിന്തുണയാണ്…
പുലിമുരുകന്‍ എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം, നിങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റിയതുകൊണ്ടാണ് ഈ പുതുവത്സരദിനത്തില്‍ നിങ്ങളോടു സംസാരിക്കാന്‍ എനിക്ക് ആയുസ്സ് ലഭിക്കുന്നത്…
ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി…
നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം
എനിക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്…
അതുകൊണ്ടുതന്നെ ഈ പുതുവത്സരദിനത്തില്‍
എന്റെ പുതിയ സ്വപ്നങ്ങള്‍
നിങ്ങളുമായി ഞാന്‍ പങ്കുവെക്കുകയാണ് ….
മെഗാസ്റ്റാര്‍ മമ്മൂക്കയോടൊപ്പം രണ്ടാമതൊരു ചിത്രം…
ഒരുപാടുനാളായി എന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളില്‍ ഒന്നാണത്…
ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം ആ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്…
പുലിമുരുകന് ശേഷം, ഞാനും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഒരുമിക്കുന്ന അടുത്തചിത്രം മമ്മൂക്കയോടൊപ്പമാണെന്ന സന്തോഷം, ഏറെ അഭിമാനത്തോടെ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ…
പുലിമുരുകന് ശേഷം ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഇത് തന്നെയാണ്…
ഈ സന്തോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്…
2010ല്‍ നിങ്ങള്‍ ഒരു വലിയ വിജയമാക്കിത്തന്ന പോക്കിരിരാജ എന്ന സിനിമയിലെ ‘രാജാ’ തന്നെയാണ് പുതിയ സിനിമയിലേയും നായകകഥാപാത്രം…
മമ്മൂക്കയില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കംപ്ലീറ്റ് ഫാമിലി മാസ്സ് എന്റര്‍ടൈനര്‍ തന്നെയായിരിക്കും രാജാ 2 .
പോക്കിരിരാജ ഇറങ്ങിയ 2010ലെ
ആസ്വാദനരീതിയില്‍ നിന്നും,
2017ല്‍ എത്തുമ്പോള്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്…
അതുകൊണ്ടുതന്നെ രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല,
‘രാജാ ‘എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്…
പുതിയ ചിത്രത്തില്‍ ‘രാജാ ‘ എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്.
കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ് .
രാജാ 2, കൂടുതല്‍ ചടുലവും
കൂടുതല്‍ സാങ്കേതികമികവ് നിറഞ്ഞതുമാണ്.
പൂര്‍ണമായും 2017ലെ ചിത്രം…
‘രാജാ 2’ ഒരാഘോഷമാക്കിമാറ്റാന്‍ ചിത്രത്തോടൊപ്പം നിങ്ങളെല്ലാവരുമുണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു…
ഇനിയുമുണ്ട് സ്വപ്നങ്ങള്‍…
ഒരുപിടി നല്ല ചിത്രങ്ങളുടെ തീവ്രമായ Pre-Production ജോലികള്‍..ആലോചനകള്‍..
സമാന്തരമായി നടക്കുന്നുണ്ട്…
ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 3D ചിത്രം. മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്യുന്ന ഒരു സിനിമയായി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്…
മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലെ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ജയറാമേട്ടനാണ് നായകനാകുന്നത്…
VFX, Special Effects കേന്ദ്രീകതമായ ഒരു സിനിമ കൂടിയാണിത് …
ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ലാലേട്ടന്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന, ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറാണ് മറ്റൊരാലോചന. പുലിമുരുകന്‍ ഉണ്ടാക്കിയ പ്രതീക്ഷകളെ പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സിനിമ തന്നെയായിരിക്കും അതെന്നാണ് എന്റെ വിശ്വാസം. എന്റെ പ്രിയസുഹൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്…
ഇഫാര്‍ ഇന്റര്‍നാഷണലിന് വേണ്ടിയുള്ള ദിലീപ് സിനിമ..
ദുല്‍ഖര്‍ സല്‍മാനോടൊപ്പം ആദ്യമായി ചെയ്യുന്ന ഒരു കംപ്ലീറ്റ് ഹൈവോള്‍ട്ടേജ് മാസ്സ് എന്റര്‍ടൈനര്‍…
സ്വപ്നങ്ങള്‍ ഏറെയാണ്…
എല്ലാം നിങ്ങള്‍ നല്‍കുന്ന പിന്തുണയിലും പ്രോത്സാഹനത്തിലും വിശ്വാസമര്‍പ്പിച്ചാണ്…
2017 ഒരു പുതിയ തുടക്കമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഏവര്‍ക്കും ഒരിക്കല്‍ക്കൂടി.
പുതുവത്സരാശംസകള്‍..
ഹൃദയപൂര്‍വം…
വൈശാഖ്.