ചെന്നൈ: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പ്രവര്‍ത്തകര്‍ക്ക് രാജിവെച്ച് മറ്റു പാര്‍ട്ടികളില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് രജിനി മക്കള്‍ മണ്‍ട്രം. ചില അംഗങ്ങള്‍ രാജിവെച്ച് ഡിഎംകെയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ പ്രതികരണം.

മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നാലും തങ്ങള്‍ രജിനി ആരാധകരാണെന്ന കാര്യം മറക്കരുതെന്ന് സംഘടന പ്രവര്‍ത്തകരെ അറിയിച്ചു.
ഇതോടെ രജിനികാന്ത് പ്രത്യക്ഷമായോ പരോക്ഷമായോ ബിജെപിയെ പിന്തുണച്ചേക്കാമെന്ന വാദവും നിലച്ചതായാണ് വിലയിരുത്തല്‍. സ്വന്തം പാര്‍ട്ടി പ്രഖ്യാപനം വേണ്ടെന്നുവെച്ചതോടെ രജിനി പാര്‍ട്ടിയെ പിന്തുണക്കുമെന്നായിരുന്നു ബിജെപിയുടെ നിഗമനം.

2020 ഡിസംബറില്‍ 31 ന് പാര്‍ട്ടി പ്രഖ്യപനമുണ്ടാകുമെന്ന് രജിനികാന്ത് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ പാര്‍ട്ടി രൂപീകരണത്തിന് ഇല്ലെന്ന് രജിനി വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞമാസം രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് രജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.