രഞ്ജിത് മാമ്പിള്ളി എഴുതുന്നു:

ഈ അടുത്ത് പിന്നെയും ആരോ ഷെയർ ചെയ്തൊരു ജേക്കബ് വടക്കഞ്ചേരിയുടെ ഒരു വീഢിയൊ കണ്ടു. പല പ്രാവശ്യം ഈ വീഢിയൊ കണ്ടിട്ടുണ്ട്. കേൾക്കുമ്പോളൊക്കെ ചിരി വരുന്ന ഒരു വാചകം ആ വീഢിയോയിലുണ്ട്.

“വെറും ഒരു ലക്ഷം രൂപ പോലും ചിലവില്ലാത്ത കരൾമാറ്റ ശസ്‌‌ത്രക്രിയയ്‌‌ക്ക് വാങ്ങുന്നത് വില 30 ലക്ഷം”

മോഢേണ് മെഡിസിൻറെ ചൂഷണമാണ് വടക്കഞ്ചേരി ഉദ്ദേശിക്കുന്നത്. പക്ഷെ, മുപ്പത് ലക്ഷം വാങ്ങുന്ന ആശുപത്രിയും; മുപ്പതു ലക്ഷമില്ല ഒരു ലക്ഷമേ ഉള്ളു എന്നവകാശപ്പെടുന്ന വടക്കഞ്ചേരിയും തത്വത്തിൽ ഒരേ കാര്യമാണ് ചെയ്യുന്നത്. ആതുര ശുശ്രൂഷയെ ഒരു ഫ്രീ മാർക്കെറ്റ് കമ്മോഡിറ്റിയായാണ് രണ്ട് പേരും കാണുന്നത്. പെട്രോൾ, പേന, മേശ, കസേര, കാറ് എന്ന പോലൊരു ചരക്ക് മാത്രമാണ് വൈദ്യ ശുശ്രൂഷ എന്നാണ് രണ്ട് പേരും പറയാതെ പറയുന്നത്.ഇത് കേൾക്കുന്ന ശരാശരി ഒരു ശ്രോതാവിനെ അതിനെ ചൂഷണമായി ധരിപ്പിക്കാനുള്ള പ്രാസംഗ്യ ഗുണം വടക്കഞ്ചേരിക്കുണ്ട്.

ഇവിടെ അമേരിക്കയിൽ ഒരു കഷ്ണം ചക്ക വാങ്ങണമെങ്കിൽ $5 – $12 ആകും. ഞാനൊരു വീഢിയൊ ഇറക്കുന്നു എന്ന് വെയ്‌‌ക്കുക. “ഞങ്ങടെ നാട്ടിൽ ചുമ്മാ വീണ് അളിഞ്ഞ് പോകുന്ന ഈ സാധനത്തിനാണോ $12. വെറും 10 സെൻറ് പോലും വിലയില്ലാത്ത സാധനമാണിത്”. ആരും ചിരിച്ചു പോകും. കാരണം ചക്ക എന്നത് കമ്മോഡിറ്റി ആണെന്നും. അതിൻറെ വില മാർക്കെറ്റിൻറെ സപ്ലൈ – ഡിമാൻറ് ഇക്വേഷനിൽ അധിഷ്ഠിതമാണെന്നും, അമേരിക്കയിലെങ്ങും പ്ലാവില്ലാത്തത് കാരണം ചക്ക ഇറക്കുമതി ചെയ്യുന്നതാണെന്നും അതിനാലാണ് അതിന് $12 വില എന്നും എല്ലാവർക്കും അറിയാം.

ഇതാണ് ഒരു കമ്മോഡിറ്റിക്ക് ഞാൻ കാണുന്ന മതിപ്പു വിലയും (Percieved value), മാർക്കെറ്റ് കാണുന്ന വിലയും (Actual Value) തമ്മിലുള്ള വത്യാസം.

ഒരു വാദത്തിന് ജേക്കബ് വടക്കഞ്ചേരി പറയുന്നത് സമ്മതിക്കാം. ആതുര ശുശ്രൂഷ ഒരു കമ്മോഡിറ്റി തന്നെ. വടക്കഞ്ചേരി തൻറെ ശരീരത്തിൽ ചെയ്യുന്ന രണ്ട് “ഓപ്പറേഷനെ” ഉള്ളു. ഒന്ന് രാവിലെ പല്ലു തേയ്‌‌ക്കും. രണ്ടാമത് കക്കൂസിൽ പോയാൽ ചന്തി കഴുകും. പുള്ളിയുടെ ബോധത്തിൽ പല്ലു തേപ്പും, ചന്തു കഴുക്കും പോലെ വളരെ എളുപ്പമുള്ള പണിയാണ് കരൾ മാറ്റ ശസ്‌‌ത്രക്രിയ എന്നാണ് പുള്ളി പറയുന്നത്. അതിന് പുള്ളി ഒരു ലക്ഷം പോലും കൊടുക്കാൻ ഉദ്ദേശ്ശിക്കുന്നില്ല (വടക്കൻചേരിയുടെ Percieved value), സ്വാഭാവികം. പക്ഷെ, കേരളത്തിൽ കരൾ മാറ്റ ശസ്‌‌ത്രക്രിയ നടത്താൻ കെൽപ്പുള്ള ഡോക്ടർമ്മാർ നൂറിൽ താഴെയാണെന്നും. അതിൽ തന്നെ ശസ്ത്രക്രിയ വിജയ ശതമാനം കൂടുതലുള്ള ഡോക്ടർമ്മാർ തുലോം തുച്ഛമാണെന്നും അത് കൊണ്ടാണ് റേറ്റ് കൂടി ഇരിക്കുന്നതെന്നും വടക്കഞ്ചേരി മിണ്ടില്ല (Actual Value). അതും കൂടെ പറഞ്ഞാൽ പുള്ളിക്ക് ചൂഷണത്തിൻറെ ആങ്കിളിൽ കാര്യം ധരിപ്പിക്കാൻ ഒക്കില്ല. അദ്ദേഹത്തിന് തൻറെ പ്രകൄതി ചികിത്സ ബിസ്സിനസ്സ് വിൽക്കാൻ പറ്റില്ല.

വടക്കഞ്ചേരി തത്വത്തിൽ ഊട്ടി ഉറപ്പിക്കുന്നത് നമ്മുടെ പൊതു ബോധമാണ്. ചികിത്സ, അത് പ്രകൄതി ആയാലും, മോഡേണ് മെഡിസിനായാലും ഒരു കമ്മോഡിറ്റി ആണ്. മോഡേണ് മെഡിസിനിൽ അതിന് ഇത്രയാണ് വില, പ്രകൄതി ചികിത്സയിൽ അതിന് പത്തിലൊന്ന് വിലയേ ഉള്ളു. അതിനാൽ നിങ്ങൾ ഞാൻ നടത്തുന്ന ആശുപത്രികളിലേയ്‌‌ക്ക് വരൂ എന്നാണ് വടക്കഞ്ചേരി പറയുന്നത്. വടക്കഞ്വേരിയുടെ പ്രസംഗങ്ങൾ പുള്ളിയുടെ സെയിൽസ് പിച്ചാണ്.

ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയെ ഫ്രീ മാർക്കെറ്റ് ഇക്കണോമിയിൽ കൊണ്ട് കെട്ടാൻ പറ്റില്ല. ആരോഗ്യമുള്ള മനുഷ്യരും, വിദ്യാഭ്യാസമുള്ള പൌരൻമ്മാരുമുണ്ടെങ്കിലെ ഫ്രീ മാർക്കെറ്റ് ഇക്കണോമി വർക് ചെയ്യുകയുള്ളു. അതിനാൽ ഫ്രീ മാർക്കെറ്റ് ഇക്കണോമിയെ പരിപോഷിപ്പിക്കാനുള്ള ഇൻവെസ്‌‌റ്റ്മെൻറ് ആയി കണ്ട് വൈദ്യ ചികിത്സയും, വിദ്യഭ്യാസവും അത് നൽകുന്ന പോയിൻറിൽ ഫ്രീ ആയിരിക്കണം. ടാക്സായി അതിനുള്ള ചിലവ് കണ്ടെത്തണം. വടക്കഞ്ചേരിയുടെ വീഢിയൊ ഷെയർ ചെയ്തതിട്ട്, സാധനം വാങ്ങുമ്പൊ ബില്ലടിക്കാതെ വാങ്ങുകയും, ഇൻകം ടാക്സിൻറെ സമയത്ത് കള്ള വാടക ചീട്ട് ഉണ്ടാക്കുകയും ചെയ്താൽ പല്ലെടുക്കുന്നതിന് മുപ്പത് ലക്ഷം കൊടുക്കണ്ട സമയം വരും.