തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ നിരന്തരമായി കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി പ്രസവിച്ചത് രണ്ടു തവണ. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ മുതലെടുത്താണ് പെണ്‍കുട്ടിയെ സമീപവാസികള്‍ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കാടിനോട് ചേര്‍ന്ന് ഒഴിഞ്ഞ കെട്ടിടത്തിലാണ് പെണ്‍കുട്ടിയും ബുദ്ധിമാന്ദ്യമുള്ള അമ്മയും താമസിക്കുന്നത്. മിഠായിയും പണവും കൊടുത്താണ് പീഡിപ്പിക്കുന്നത്. താന്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണെന്ന് പെണ്‍കുട്ടി തിരിച്ചറിയുന്നില്ലെന്നാണ് വിവരം. ചിലരുടെ പേരുകള്‍ മാത്രമേ അറിയുകയുള്ളൂ. വിളിപ്പേര് അല്ലാതെ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അറിയുകയുമില്ല. മിഠായി തരുന്നയാള്‍, പണം തരുന്നയാള്‍ എന്നൊക്കെയാണ് പലരെയും കുറിച്ച് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ അടുത്ത കാലത്ത് സ്ഥിരമായി പീഡിപ്പിച്ച കുമാരന്‍ എന്നൊരാളെ പെണ്‍കുട്ടി ഓര്‍ത്തുവെച്ചിട്ടുണ്ട്. ഇയാള്‍ ഉന്നയിച്ച വിചിത്രവാദമാണ് ഇതിനു കാരണം. വിവാഹവാഗ്ദാനം നല്‍കിയ കുമാരന്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കണമെങ്കില്‍ ഗര്‍ഭിണിയാകുമെന്ന് തെളിയിക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലോട് പൊലീസ് സ്റ്റേഷനില്‍ പരാതി നിലനില്‍ക്കുന്നുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടി സമാന രീതിയില്‍ ബലാത്സംഗത്തിനിരയായി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മൂത്ത കുഞ്ഞ് ഓട്ടിസം ബാധിതനാണെന്നാണ് സമീപവാസികള്‍ പറയുന്നത്.