Connect with us

More

മഞ്ഞില്‍ വിരിയുന്ന ഫുട്‌ബോള്‍

Published

on

കെ.പി മുഹമ്മദ് ഷാഫി

നാലു സിവിലിയന്മാര്‍ക്ക് ഒരാളെന്ന വിധം സൈനികസാന്നിധ്യമുള്ള ശ്രീനഗര്‍ നഗരം. പുകമഞ്ഞിന്റെ നേരിയ ആവരണമുള്ള പ്രഭാതത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തിനു പോവുകയായിരുന്ന ദാനിഷ് എന്ന ചെറുപ്പക്കാരനെ തോക്കേന്തിയ കമാന്റോകള്‍ തടഞ്ഞുനിര്‍ത്തി. സന്തോഷ് ട്രോഫിയില്‍ ജമ്മുകശ്മീരിനു വേണ്ടി ബൂട്ടുകെട്ടിയ താരമാണ് താനെന്നും ഐലീഗ് രണ്ടാം ഡിവിഷനിലെ ഒരു ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നതെന്നും കൊല്‍ക്കത്തയിലെ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ കളിക്കാരനായിരുന്ന ഫാറൂഖ് അഹ്മദ് ഭട്ട് തന്റെ പിതാവാണെന്നും ആ ചെറുപ്പക്കാരന്‍ വിശദീകരിച്ചു. ക്രിക്കറ്റിനപ്പുറമുള്ള കായികവിനോദങ്ങളെപ്പറ്റി വലിയ വിവരമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതു കൊണ്ടാവണം, സൈനികര്‍ക്ക് അയാളുടെ ന്യായവാദങ്ങളൊന്നും മനസ്സിലായില്ല. അവസാനം മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍ എത്തിച്ചേരേണ്ടി വന്നു, ദാനിഷിന് മോചനം ലഭിക്കാന്‍.
.
പ്രക്ഷോഭങ്ങളും സൈനിക ഇടപെടലും കല്ലേറും കര്‍ഫ്യൂവും കടുത്ത കാലാവസ്ഥയും ദുഷ്‌ക്കരമാക്കുന്ന കശ്മീര്‍ സ്വാഭാവിക ഗതിയില്‍ ഫുട്‌ബോളിന് വളക്കൂറുള്ള മണ്ണല്ല. സാധാരണക്കാരന് സൈ്വര്യമായി ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത, വെടിയുണ്ടകള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും കല്ലേറുകള്‍ക്കുമിടയില്‍ ജീവിതം തള്ളിനീക്കുന്ന ആ ജനതക്ക് കായിക വിനോദങ്ങള്‍ തങ്ങളുടെ പരിഗണനയിലെ അവസാന തട്ടില്‍ വരുന്ന കാര്യങ്ങളാണെങ്കില്‍ അത് അത്ഭുതവുമല്ല. മിഹ്‌റാജുദ്ദീന്‍ വദൂവിനെയും ഇഷ്ഫാഖ് അഹ്മദിനെയും പോലെ വിരലിലെണ്ണാവുന്ന ചില കശ്മീരികള്‍ക്കേ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖ്യധാരയിലേക്കു മുന്നേറാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദയവും അണ്ടര്‍ 17 ലോകകപ്പ് ആതിഥേയത്വവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുട്‌ബോളിന് ഉണര്‍വുണ്ടാക്കിയപ്പോള്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ ഇന്ത്യയില്‍ അക്കാദമികള്‍ തുറക്കാനെത്തിയപ്പോഴും കശ്മീരിന്റെ കാല്‍പ്പന്തുകളി അവഗണനയുടെ മഞ്ഞില്‍പ്പുതഞ്ഞു കിടന്നു.
.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്വയം കരുത്താര്‍ജിച്ചേ മതിയാകൂ എന്നത് കശ്മീരികള്‍ പതിറ്റാണ്ടുകളായി സ്വന്തം ജീവിതം കൊണ്ട് പഠിച്ചതാണ്. ആ ജീവിതപാഠം കാല്‍പ്പന്തു കളിയിലേക്കും അവര്‍ പകര്‍ന്നപ്പോള്‍ ഒട്ടേറെ കൗതുകങ്ങളുള്ള ഒരു ഫുട്‌ബോള്‍ ക്ലബ്ബ് അവിടെ പിറവികൊണ്ടു: റിയല്‍ കശ്മീര്‍ എഫ്.സി. 2016ല്‍ പരിമിതമായ സൗകര്യങ്ങളില്‍ രൂപീകൃതമായ ക്ലബ്ബ് രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഒന്നാം ഡിവിഷനായ ഐലീഗില്‍ പന്തുതട്ടാന്‍ യോഗ്യത നേടി. ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ മുട്ടുകുത്തിക്കുക വരെ ചെയ്തു. ദാനിഷ് ഫാറൂഖും അഹ്മദ് ഹമ്മാദും ഫര്‍ഹാന്‍ ഗനിയും ബിലാല്‍ ഖാനുമെല്ലാം ഇന്ത്യന്‍ ഫുട്‌ബോളില്‍ കശ്മീരിനെ ബലമായിത്തന്നെ മുദ്രണം ചെയ്യുകയാണ്.
.
കാലുകള്‍ക്കിടയിലെ തുകല്‍പ്പന്തിന്റെ സഞ്ചാരഗതി പോലെ വിചിത്രമാണ് തീരെ ചെറിയ കാലയളവില്‍ റിയല്‍ കശ്മീര്‍ ക്ലബ്ബ് താണ്ടിയ ദൂരങ്ങള്‍. മഞ്ഞില്‍ തണുത്തുനില്‍ക്കുന്ന താഴ്‌വരയിലേക്ക് കാല്‍പ്പന്തുകളിയുടെ ചുടുകാറ്റ് വീശുന്ന റിയല്‍ കശ്മീര്‍, ഫുട്‌ബോളിന് മാത്രം സാധ്യമാകുന്ന വിധം വൈജാത്യങ്ങള്‍ നിറഞ്ഞ ആ ജനതയെ ഒരുമിച്ചു നിര്‍ത്തുന്നു.

***

‘കശ്മീര്‍ മോണിറ്റര്‍’ ദിനപത്രത്തിന്റെ എഡിറ്റര്‍ ഷമീം മിറാജിന്റെ ഒരു സായാഹ്നസവാരിയില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്. 2014ലായിരുന്നു അത്. താഴ്‌വരയെ ഒട്ടുമുക്കാലും ബാധിച്ച പ്രളയത്തില്‍ നിന്ന് കശ്മീര്‍ കരകയറിത്തുടങ്ങുന്ന സമയം. ഒരു വൈകുന്നേരത്തെ പതിവു നടത്തത്തിനിടയിലാണ് പല പ്രായത്തിലുള്ള കുട്ടികള്‍ ഒന്നും ചെയ്യാനില്ലാതെ ചുറ്റിക്കറങ്ങുന്നതും മടിപിടിച്ച് കൂനിയിരിക്കുന്നതും മിറാജിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വിനാശകാരിയായ പ്രളയം ജനങ്ങളില്‍ പ്രത്യേകിച്ചും കുട്ടികളില്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയുടെ ആഴം തിരിച്ചറിയുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന് മിറാജിനു തോന്നി.
.
സെന്റ് സ്റ്റീഫന്‍സിലെ പൂര്‍വവിദ്യാര്‍ത്ഥിയായ മിറാജ് ഡല്‍ഹിയിലെ തന്റെ ചില സുഹൃത്തുക്കളെ ബന്ധപ്പെടുകയാണ് ആദ്യം ചെയ്തത്. അവരില്‍ ചിലര്‍ കയ്യയഞ്ഞു സഹായിച്ചു. ആ പണം കൊണ്ട് മിറാജ് ആയിരക്കണക്കിന് പന്തുകള്‍ വാങ്ങി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തു. അലസമായ കാലുകളില്‍ പൊടുന്നനെ ചടുലതയും മ്ലാനമായ മുഖങ്ങളില്‍ ആഹ്ലാദവും നിറക്കുന്ന അത്ഭുതപ്രവൃത്തിയായിരുന്നു അത്. പഠിക്കുന്ന കാലത്ത് നല്ലൊരു പന്തുകളിക്കാരനായിരുന്ന മിറാജിന് കുട്ടികളുടെ മടുപ്പ് മാറ്റണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആ പ്രവൃത്തിക്ക് ലഭിച്ച പിന്തുണ ഒരു ക്ലബ്ബ് രൂപീകരിക്കുക എന്ന ആലോചനക്ക് തുടക്കമിട്ടു. ബിസിനസുകാരനായ സുഹൃത്ത് സന്ദീപ് ചട്ടുവിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അത് രൂപഭാവങ്ങള്‍ കൈവരിച്ചു. 2016ല്‍ ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതോടെ ആ സ്വപ്‌നത്തിന്റെ പ്രാഗ്‌രൂപം യാഥാര്‍ത്ഥ്യമായി.
.
അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കശ്മീര്‍; കായിക സൗകര്യങ്ങളാണെങ്കില്‍ തീര്‍ത്തും ദരിദ്രവും. താഴ്‌വരയിലെ മൈതാനങ്ങളില്‍ പലതും പ്രളയത്തില്‍ നശിച്ചുപോയതിനാല്‍ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റര്‍ മൈതാനത്താണ് റിയല്‍ കശ്മീര്‍ ടീം കളിക്കുന്നതും പരിശീലിക്കുന്നതും. മതിലുകളില്ലാതെ തുറസ്സായി കിടക്കുന്ന ആ ഗ്രൗണ്ടിനെ തന്നെയാണ് ലോണ്‍സ്റ്റാര്‍ എഫ്.സിയടക്കം പ്രദേശത്തെ മറ്റു ക്ലബ്ബുകളും ആശ്രയിക്കുന്നത്. ഊഴമിട്ടു വേണം ടീമുകള്‍ക്കവിടെ പരിശീലനം നടത്താന്‍. പലപ്പോഴും സൈന്യത്തിന്റെ വിചാരണ കടന്നുവേണം കളിക്കാര്‍ക്ക് പരിശീലനത്തിനെത്താന്‍.
.
2016ല്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ സൈന്യം വെടിവെച്ചു കൊന്നതോടെ താഴ്‌വരയൊന്നാകെ സംഘര്‍ഷങ്ങളില്‍ തിളച്ചുമറിഞ്ഞു. പന്തുകളിക്കാന്‍ താല്‍പര്യമുള്ള ചെറുപ്പക്കാരുമായി റിയല്‍ കശ്മീര്‍ എഫ്.സി പിച്ചവെച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വിദ്യാര്‍ത്ഥികളും ജോലിക്കാരുമായിരുന്നു ടീമംഗങ്ങളില്‍ മിക്കവരും. സംഘര്‍ഷങ്ങള്‍ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന സമയത്ത് ഷമീം മിറാജിന് ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് ഒരു കത്ത് വന്നു; മറ്റു ക്ലബ്ബുകളൊന്നും സന്നദ്ധരല്ലാത്തതിനാല്‍ ഇത്തവണ ഡ്യൂറന്റ് കപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിക്കുക റിയല്‍ കശ്മീര്‍ ആയിരിക്കുമെന്നതായിരുന്നു അതിന്റെ ഉള്ളടക്കം. പ്രാദേശിക ലീഗില്‍ പോലും കളിച്ചു തുടങ്ങിയിട്ടില്ലായിരുന്നെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാമെന്ന് ഷമീം മിറാജിനും സന്ദീപ് ചട്ടൂവിനും ഉള്‍വിളിയുണ്ടായി. സ്ഥിരമായി പരിശീലനത്തിനു വരുന്ന കളിക്കാരെ ഉള്‍പ്പെടുത്തി അവര്‍ ഒരു ടീമിനെ തട്ടിക്കൂട്ടിയെടുത്തു. ജെ ആന്റ് കെ ബാങ്കിന്റെ കളിക്കാരായിരുന്നു കൂടുതലും. ഐസ്‌വാള്‍, നെറോക്ക, ഡെംപോ, ആര്‍മി, എയര്‍ഫോഴ്‌സ് തുടങ്ങിയ ടീമുകളോടാണ് ഡ്യൂറന്റ് കപ്പില്‍ ഏറ്റുമുട്ടേണ്ടി വന്നത്. റിയല്‍ കശ്മീര്‍ നാല് ഗോളടിച്ചു, 14 എണ്ണം തിരിച്ചുവാങ്ങി. തോറ്റു തുന്നംപാടിയെങ്കിലും ആ ടൂര്‍ണമെന്റ് മുന്നോട്ടുള്ള കുതിപ്പിന്റെ ചവിട്ടുപടിയായി.

***

അതിനിടയിലേക്കാണ് അത്ഭുതം കണക്കെ ഇംഗ്ലീഷ് കോച്ച് ഡേവിഡ് റോബര്‍ട്‌സന്റെ വരവ്. സ്‌കോട്ട്‌ലാന്റിനു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള റോബര്‍ട്‌സണ്‍ അമേരിക്കയില്‍ മികച്ച സൗകര്യങ്ങളുള്ള ഒരു ക്ലബ്ബിനെ പരിശീലിപ്പിച്ചു വരികയായിരുന്നു. ഒരു ഏജന്റ് വഴിയാണ് ഷമീം മിറാജ് അദ്ദേഹത്തെ ബന്ധപ്പെടുന്നത്. അങ്ങനെ ജീവിതത്തിലാദ്യമായി റോബര്‍ട്‌സണ്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തു. കനത്ത ഹിമപാതമുള്ള സമയത്താണ് അദ്ദേഹം ശ്രീനഗറിലെത്തുന്നത്. റിയല്‍ കശ്മീരിന്റെ ശുഷ്‌കമായ അടിസ്ഥാന സൗകര്യങ്ങള്‍ കണ്ട ഉടന്‍ തന്നെ അദ്ദേഹം തിരിച്ചുപോകാന്‍ തീരുമാനിച്ചു. പക്ഷേ, ടീമുടമകളുടെ ആത്മവിശ്വാസവും കളിക്കാരുടെ ആര്‍ജവവും തീര്‍ത്തും അപരിചിതമായ ആ ദേശത്ത് പിടിച്ചുനിര്‍ത്തി.
.
കഴിഞ്ഞ രണ്ടു വര്‍ഷമായി റോബര്‍ട്‌സണ്‍ ആണ് റിയല്‍ കശ്മീരിന്റെ നെടുംതൂണാണ്; സ്വന്തം നാട്ടുകാരനായ ഒരു അസിസ്റ്റന്റ് കോച്ചുമുണ്ട് അദ്ദേഹത്തിനൊപ്പം. സാമ്പത്തിക പരാധീനതയില്‍ പെട്ടുഴലുന്ന ക്ലബ്ബിനു വേണ്ടി കോച്ച് സ്വന്തം കീശയില്‍ നിന്നുവരെ പണമിറക്കാറുണ്ടെന്ന് മിറാജ്. മാത്രവുമല്ല, പന്തുകളിക്കാരനായ സ്വന്തം മകന്‍ മേസണ്‍ റോബര്‍ട്‌സണെ അദ്ദേഹം റിയല്‍ കശ്മീരിലേക്ക് കൊണ്ടുവന്നു. നൈജീരിയക്കാരന്‍ ലവ്‌ഡേയും മേസണും അടങ്ങുന്ന പ്രതിരോധമാണ് ഇപ്പോള്‍ ക്ലബ്ബിന്റെ ഏറ്റവും ശക്തമായ മേഖല.
ഐലീഗ് രണ്ടാം ഡിവിഷന്‍ പാതിവഴി പിന്നിട്ടപ്പോഴാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമെന്ന ആത്മവിശ്വാസം തനിക്കും കളിക്കാര്‍ക്കും ഉണ്ടായതെന്ന് റോബര്‍ട്‌സണ്‍ പറയുന്നു. ‘എപ്പോഴും അടുത്ത മത്സരത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നതാണ് എന്റെ രീതി. പരിമിതികള്‍ നിറഞ്ഞ തുടക്കക്കാരായതിനാല്‍ ഞങ്ങള്‍ക്കു മേല്‍ പ്രതീക്ഷകളുടെ അമിതഭാരമില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഐലീഗിനെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ ടീമിന് വളരെ ദൂരം മുന്നേറാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്…’ കോച്ചിന്റെ വാക്കുകള്‍. ഐലീഗില്‍ റിയല്‍ കശ്മീരിന് ഗുണകരമാകാന്‍ പോകുന്നത് സ്വന്തം നാട്ടിലെ മത്സരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ശ്രീനഗറില്‍ കളിക്കുക മറ്റു ടീമുകള്‍ക്ക് ദുഷ്‌ക്കരമാകും.
.
മാധ്യമശ്രദ്ധയും ആരാധക പിന്തുണയുമുണ്ടെങ്കിലും റിയല്‍ കശ്മീര്‍ ദാരിദ്ര്യത്തില്‍ നിന്നു കരകയറിയിട്ടില്ല. മിറാജിന്റെയും സന്ദീപിന്റെയും സുഹൃത്തുക്കളുടെ സഹായമാണ് ക്ലബ്ബിനെ പിടിച്ചുനിര്‍ത്തുന്നത്. ടീം യാത്രചെയ്യുന്ന സ്ഥലങ്ങളിലെല്ലാം സൗഹൃദത്തിന്റെ പറ്റില്‍ താമസവും മറ്റു സൗകര്യവും ഏര്‍പ്പെടുത്താന്‍ പത്രാധിപരായ മിറാജിന് കഴിയുന്നുണ്ട്. ഐലീഗിന് യോഗ്യത നേടിയപ്പോള്‍ ടീമിനെ സ്‌കോട്ട്‌ലാന്റിലും ജര്‍മനിയിലും പരിശീലനത്തിനയക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി ടീമുടമകള്‍ കരുതുന്നു. ബഹുരാഷ്ട്ര വസ്ത്ര പാദുക നിര്‍മാതാക്കളായ അഡിഡാസ് റിയല്‍ കശ്മീരിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു കഴിഞ്ഞു. എങ്കിലും പരാധീനതകള്‍ അടുത്തെങ്ങും മാറുന്ന ലക്ഷണമില്ല. ‘മോഹന്‍ ബഗാന്റെ വാര്‍ഷിക ബഡ്ജറ്റ് എത്രയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? അതിന്റെ രണ്ടു ശതമാനമൊക്കെയേ ഞങ്ങളുടേത് കാണൂ…’ ഷമീം മിറാജ് പറയുന്നു.

***

ഇന്ത്യന്‍ പൊതുബോധത്തിന് കശ്മീര്‍ പലപ്പോഴും പ്രശ്‌നബാധിതമായ ഒരു അന്യരാജ്യമാണ്. ആട്ടിയോടിക്കപ്പെടുന്ന പണ്ഡിറ്റുകളെപ്പറ്റിയുള്ള പര്‍വതീകരിക്കപ്പെട്ട കഥകളാണെങ്ങും. പക്ഷേ, ഊതിവീര്‍പ്പിച്ച ആ മുന്‍വിധികളെ തകര്‍ക്കാന്‍ ഫുട്‌ബോളിന് കഴിയുമെന്ന് റിയല്‍ കശ്മീര്‍ തെളിയിക്കുന്നു.
‘ഞാനൊരു കശ്മീരി മുസ്ലിമാണ്. സന്ദീപ് കശ്മീരി പണ്ഡിറ്റും. ഞങ്ങളുടെ ടീമില്‍ ആഫ്രിക്കക്കാരുണ്ട്, സ്‌കോട്ട്‌ലാന്റുകാരുണ്ട്, ഹിന്ദുക്കളും മുസ്ലിംകളും ബുദ്ധമതക്കാരുമുണ്ട്.’ മിറാജിന്റെ വാക്കുകളില്‍ കശ്മീരിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും ഫുട്‌ബോളിന്റെ മാന്ത്രികശേഷിയും പൂര്‍ണാര്‍ത്ഥത്തില്‍ പതിഫലിക്കുന്നുണ്ട്.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending