മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ മോശം ഫോം തുടരുന്ന റയല്‍ മാഡ്രിഡിന് സ്പാനിഷ് കിങ്‌സ് കപ്പില്‍ സ്വന്തം ഗ്രൗണ്ടില്‍ തിരിച്ചടി. പ്രീ ക്വാര്‍ട്ടറില്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ദുര്‍ബലരായ നുമാന്‍സ്യ റയലിനെ സാന്റിയാഗോ ബര്‍ണേബുവില്‍ 2-2 സമനിലയില്‍ പിടിച്ചുകെട്ടി. നുമാന്‍സ്യയുടെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോൡന് ജയിച്ചതിനാല്‍ റയല്‍ ക്വാര്‍ട്ടറിലെത്തി. അത്‌ലറ്റികോ മാഡ്രിഡ്, ഡിപോര്‍ട്ടിവോ അലാവസ്, വലന്‍സിയ ടീമുകളും അവസാന എട്ടില്‍ ഇടം കണ്ടു.ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ രണ്ടു തവണ മുന്നില്‍ നിന്ന ശേഷമാണ് റയല്‍ സമനില വഴങ്ങിയത്. പ്രമുഖര്‍ക്ക് വിശ്രമം നല്‍കി രണ്ടാം നിരയെ ഇറക്കിയ റയല്‍ 10-ാം മിനുട്ടില്‍ ലൂയിസ് വാസ്‌ക്വെസിലൂടെ മുന്നിലെത്തിയെങ്കിലും ആദ്യപകുതിയുടെ അവസാന മിനുട്ടില്‍ ഗില്ലര്‍മോ ഫെര്‍ണാണ്ടസ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 59-ാം മിനുട്ടില്‍ വാസ്‌ക്വെസ് വീണ്ടും റയലിന് ലീഡ് നല്‍കിയെങ്കിലും ഗ്വല്ലര്‍മോ ഫെര്‍ണാണ്ടസ് വീണ്ടും ലക്ഷ്യം കണ്ടു.
യാനിക് കാറസ്‌കോ, കെവിന്‍ ഗമീറോ, വിറ്റോളോ എന്നിവരുടെ ഗോളുകളില്‍ ലെയ്ഡ എസ്‌പോര്‍ട്ട്യൂവിനെ 3-0 ന് വീഴത്തിയ അത്‌ലറ്റികോ മാഡ്രിഡ് ഇരുപാദങ്ങളിലുമായി 7-0 ന് ജയിച്ചാണ് മുന്നേറിയത്. എവേ ഗ്രൗണ്ടില്‍ ഫോര്‍മന്റേറക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന് ജയിച്ചിരുന്ന ഡിപോര്‍ട്ടിവോ അലാവസ് സ്വന്തം ഗ്രൗണ്ടില്‍ 2-0 ന് ജയിച്ചു. എര്‍മെദിന്‍ ദെമിറോവിച്ച്, അല്‍ഫോന്‍സോ പെട്രാസ എന്നിവര്‍ ഗോളുകള്‍ നേടി. ആദ്യപാദം 1-1 സമനില വഴങ്ങിയിരുന്ന വലന്‍സിയ ലാസ് പല്‍മാസിനെതിരെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത നാലു ഗോളിന് ജയിച്ചു. ലൂസിയാനോ വിയറ്റോയുടെ ഹാട്രിക്കും നെമാഞ്ച മാക്‌സിമോവിച്ചിന്റെ ഗോളുമാണ് വലന്‍സിയക്ക് ജയമൊരുക്കിയത്.