ന്യൂഡല്‍ഹി: പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് യുപിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകള്‍ തിരിഞ്ഞു കൊത്തുന്നു. വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ കൂട്ടമാനഭംഗവും ജലപീരങ്കിയും ഉള്ളി വിലയും ഓര്‍ത്തിരിക്കണം എന്ന പ്രസ്താവനയാണ് മോദിക്ക് തിരിച്ചു പണി കൊടുക്കുന്നത്.

2013 നവംബറില്‍ നടത്തിയ പ്രസംഗത്തിന്റെ വാര്‍ത്താ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. പ്രസംഗത്തില്‍ ന്യൂഡല്‍ഹിയെ അദ്ദേഹം മാനഭംഗങ്ങളുടെ തലസ്ഥാനം എന്നാണ് വിശേഷിപ്പിക്കുന്നത്. 2012 ഡിസംബര്‍ 16ന് ഉണ്ടായ കൂട്ടബലാത്സംഗത്തെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പ്രസ്താവന.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കു നേരെ ഈയിടെ ഹരിയാന പൊലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ പഴയ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്.