ചെന്നൈ: മുന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും വൃദ്ധസദനത്തിലാണെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് എസ്.കെ രാമചന്ദ്രനാണ് ഇക്കാര്യമറിയിച്ചത്. ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ സെന്റ് മേരീസ് സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരും ഇപ്പോള്‍ കഴിയുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
പ്രായാധിക്യത്തില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ വീടിനുള്ളില്‍ നടക്കുന്നതിന് പോലും ആരുടെയെങ്കിലും സഹായം വേണമെന്ന് രാമചന്ദ്രന്‍ പറഞ്ഞു. മക്കളില്ലാത്തതിനാല്‍ ജോലിക്കാരാണ് സഹായത്തിനുള്ളത്. വൃദ്ധസദനത്തിലാണെന്ന വാര്‍ത്തയെത്തുടര്‍ന്ന് താന്‍ ശേഷനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം തന്നെയാണ് അപ്പാര്‍ട്ട്‌മെന്റിലുണ്ടെന്ന വിവരം പറഞ്ഞതെന്നും രാമചന്ദ്രന്‍ പറഞ്ഞു.
പാലക്കാട്ടെ കൊല്ലങ്കോടിനു സമീപത്ത് വെള്ളാരംകടവ് ഗ്രാമത്തില്‍ താല്‍കാലിക വിശ്രമ ജീവിതം നയിക്കാന്‍ ശേഷന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്റെയും ഭാര്യയുടെയും അനാരോഗ്യം കാരണം അത് വേണ്ടെന്നു വെക്കുകയായിരുന്നു.