മീഡിയാ വണ്‍ ടി.വിയില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന സനീഷ് ഇളയടത്ത് രാജിവെച്ചു. മറ്റൊരു പ്രമുഖ ചാനലിലേക്ക് മാറുന്നതിന്റെ ഭാഗമാണ് രാജി എന്നാണ് സൂചന. രാജിയെപ്പറ്റി സനീഷ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പ്രസിദ്ധീകരിച്ചു. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള മീഡിയാ വണ്‍ മാനേജ്‌മെന്റ് നടപടികളെ പോസ്റ്റില്‍ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മീഡിയാവണ്ണില്‍ നിന്ന് ഇറങ്ങി.

മൂന്ന് വര്‍ഷമാകുന്നു ഇവിടെയെത്തിയിട്ട്. ചെറിയ കാലമാണത്. എന്നാല്‍ അത്രകുറച്ച് കാലം മാത്രം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ഇറങ്ങും പോലെയല്ല രാജി വെച്ചിറങ്ങുന്നത്. ഉള്ള കാലത്ത് നല്ല സന്തോഷത്തോടെയിരുന്നയിടമാണ്. സഹപ്രവര്‍ത്തകര്‍ സുഹൃത്തുക്കള്‍ കൂടെയായിരുന്നു.സന്തോഷമുള്ള തൊഴിലിടമായിരുന്നു എനിക്ക് ഇത്. അതിനാല്‍ സ്വാഭാവികമായുണ്ടാകുന്ന വിഷമമുണ്ട്.എന്നാല്‍ ചെറിയ വിഷമമാണത്. പല തരം കാരണങ്ങള്‍ കൊണ്ട് അവരവരുടെ സ്ഥാപനങ്ങളില്‍ ഉറച്ചിരുന്ന് ജോലി ചെയ്യാനാകാത്ത സാഹചര്യം ഈ നാട്ടിലെ മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലകപ്പെട്ട 42ഓളം സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഇവിടെത്തന്നെയുമുണ്ട്. മൂന്ന് കൊല്ലം മുമ്പ് അത്തരമൊരു കഷ്ടകാലം താണ്ടിയാണ് ഞാനും ഇവിടത്തെ സൗകര്യങ്ങളിലേക്ക് വന്നിരുന്നത് എന്നത് ഓര്‍ക്കുന്നതിനാല്‍ അവരെ മനസ്സിലാകുന്നുണ്ട്.
രാഷ്ട്രീയബോധ്യങ്ങളോടെ ചെയ്യേണ്ടുന്ന പണിയാണ് ഇത് എന്നാണ് എക്കാലത്തെയും ബോധ്യം. അത് കൊണ്ട് തന്നെ നിഷ്പക്ഷനായിരിക്കണം എന്ന മറ്റുള്ളവരുടെ തീര്‍പ്പുകളെക്കുറിച്ചോര്‍ത്ത് ഒരിക്കലും ബേജാറായിരുന്നിട്ടില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഊരി വെക്കാവുന്ന സംഗതിയല്ല മുതിര്‍ന്ന മനുഷ്യര്‍ക്ക് രാഷ്ട്രീയബോധ്യങ്ങള്‍. ജോലിസ്ഥലമാറ്റം ആളുടെ മാറ്റമാണ് എന്ന് വിചാരിക്കുന്ന അല്‍പ്പബുദ്ധികളെ വകവെയ്ക്കാതിരിക്കാനുള്ള സാത്വികത ഇതിനകം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത് കൊണ്ട്, കൂടുതലായും സംഘൂസ്ബുദ്ധിയില്‍ നിന്ന് വരാനിടയുള്ള അത്തരം കമന്റുകളെ മുന്‍കൂറായി തള്ളിയിരിക്കുന്നു.
പത്ത് മുപ്പത്തെട്ട് കൊല്ലക്കാലം ജീവിച്ച ജീവിതം ഉണ്ടാക്കിത്തന്നിട്ടുള്ള രാഷ്ട്രീയബോധ്യങ്ങള്‍ക്കൊപ്പമേ ഈ പണി ഇനിയും ചെയ്യുകയുള്ളൂ എന്ന ഉറപ്പ് പരസ്യപ്പെടുത്തുന്നത് അങ്ങനെയാവില്ലെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടി മാത്രമായാണ്. മനുഷ്യര്‍ അവരുടെ മുന്‍വിധികളാലും ഉണ്ടാക്കപ്പെട്ടിട്ടുള്ളവരാണ്, ആ മുന്‍വിധിയാണ് അവരുടെ രാഷ്ട്രീയം , ആ അര്‍ത്ഥത്തില്‍ ആരും നിഷ്പക്ഷരല്ല എന്നൊക്കെ ധാരണയുള്ളത് കൊണ്ട് എന്നെക്കുറിച്ചോര്‍ത്ത് എനിക്ക് ആശങ്കയില്ല. ആശങ്കയുള്ളവര്‍ക്ക് മറുപടി തുടരാന്‍ പോകുന്ന ജോലിയിലൂടെയേ തരാനാകൂ…
പിന്തുടരുന്നവര്‍ക്ക് അതിന് നന്ദി. വിമര്‍ശവും പരിഗണനയും ഇനിയും പ്രതീക്ഷിക്കുന്നു. 🙂