ഇന്ത്യന്‍ ട്വന്റി-20 ടീമിലേക്കുള്ള പ്രവേശം ആഘോഷമാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷാബ് പന്ത്. ഡിവൈ പാട്ടീല്‍ ട്വന്റി-20 കപ്പിന്റെ മൂന്നാം ദിനമാണ് വെടിക്കെട്ട് ബാറ്റിങിലൂടെ പന്ത് ടീമിനെ ജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പന്തിനെ വെള്ളിയാഴ്ച തെരഞ്ഞെടുത്തിരുന്നു.

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 പന്തുകളില്‍ നിന്ന് 43 റണ്‍സാണ് പന്ത് റിലയന്‍സ് താരം അടിച്ചെടുത്തത്. അഞ്ച് പടുകൂറ്റന്‍ സിക്‌സറുകളും രണ്ട് ബൗണ്ടറികളും ഇന്നിങ്‌സിന് ചാരുതയേകി. ഇന്ത്യന്‍ ടീമിലെ സഹതാരമായ ഹര്‍ദിക് പാണ്ഡ്യ 28 പന്തില്‍ 36 റണ്‍സ് നേടി പന്തിന് മികച്ച പിന്തുണ നല്‍കി.

ആദ്യം ബാറ്റ് ചെയ്ത ടാറ്റ സ്‌പോര്‍ട്‌സ് ക്ലബ് നേടിയ 149 റണ്‍സ് പന്തിന്റെയും പാണ്ഡ്യയുടെയും മികവില്‍ 10 പന്ത് ശേഷിക്കെ റിലയന്‍സ് മറികടന്നു.