കൊച്ചി: നടന്‍ റിയാസ് ഖാന്‍ നായകനായെത്തുന്ന മായക്കൊട്ടാരം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പുറത്തെത്തി മണിക്കൂറുകള്‍ക്കകം തന്നെ പോസ്റ്റര്‍ വൈറലായി മാറി. റിയാസ് ഖാന്റെ പേജില്‍ തന്നെ ഇരുപതിനായിരത്തോളം ആളുകളാണ് പോസ്റ്ററിനോട് പ്രതികരിച്ചത്. 1800 പേര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. രണ്ടായിരത്തിലധികം പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തിരിക്കുന്നത്.

പോസ്റ്ററിലെ വാചകങ്ങളും റിയാസ് ഖാന്റെ ഫോട്ടോയുമാണ് പോസ്റ്റര്‍ ഇത്രയധികം ഹിറ്റാവാനുള്ള കാരണം. ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ മൂന്ന് കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’-എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. തൂവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് പോസ്റ്ററില്‍ റിയാസ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്.

സുരേഷ് കോടാലിപ്പറമ്പന്‍ എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോസ്റ്റര്‍ ഹിറ്റായി മാറിയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ആരെയും പ്രത്യേകമായി ഉദ്ദേശിച്ചല്ല ഈ സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ആര്‍ക്കെങ്കിലും അത് തന്നെക്കുറിച്ചാണെന്ന് തോന്നുന്നെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.