കലാപവും ആക്രവും ശക്തമായ മ്യാന്മാറില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കു വന്ന റോഹിങ്ക്യന്‍ മുസ്ലിംകളുടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. റോഹിങ്ക്യന്‍ ജനതയെ രാജ്യത്തു നിന്നു ഒഴിപ്പിക്കണമെന്നു സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. 22012 മുതല്‍ മ്യാന്മാറില്‍ നിന്ന് അഭയാര്‍ത്ഥികളായി ജനങ്ങള്‍ ഇങ്ങോട്ട് ഒഴുകുന്നുണ്ട്. ഇതിനകം തന്നെ 40 000 പേരാണ് രാജ്യത്തെത്തിയത്. അഭയാര്‍ത്ഥികളെ കടത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മ്യാന്മാര്‍ ബംഗാള്‍ ത്രിപുര എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും സര്‍ക്കാര്‍ പറയുന്നു. പാക്ക് സംഘടനകളുമായും റോഹിങ്ക്യകള്‍ക്ക് ബന്ധമുണ്ടെന്ന ഗുരുതര ആരോപമവും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. റോഹിങ്ക്യകളെ തിരിച്ചയക്കുന്നതു തടയണമെന്ന ഹര്‍ജിയിലാണു കേന്ദ്രം നിലപാടു വ്യക്തമാക്കിയത്.

കശ്മീരിലെ 6000 റോഹിങ്ക്യകള്‍ക്കു വേണ്ടി കോലിന്‍ ഗോണ്‍സാല്‍വസ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. മനുഷ്യാവകാശ സംഘടനകള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഹര്‍ജി നല്‍കിയിട്ടുണ്ട്.