ധാക്ക: ഭരണകൂട ഭീകരതയ്ക്കും ബുദ്ധിസ്റ്റ് അക്രമികളുടെ ക്രൂരതയ്ക്കും പിന്നാലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ലോകത്തിന്റെ ആശ്വാസങ്ങളും നിഷേധിക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മരുന്നും ആഹാരങ്ങളുമായി പോയ സംഘത്തിന് നേരെ ആക്രമണം. രണ്ട് ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ട്രക്കിലും കപ്പലിലും കൊണ്ടുപോയ സംഘത്തെയാണ് അക്രമിച്ചത്. അക്രമത്തിനു പിന്നില്‍ ബുദ്ധിസ്റ്റ് അക്രമി സംഘമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ (ഐസിആര്‍സി)കപ്പലിനു നേരെയാണ് അക്രമണമുണ്ടായത്. റാഖിനെ സ്റ്റേറ്റിലാണ് സംഭവം നടന്നത്. മരുന്നും മറ്റുമായി എത്തിയ ബോട്ട് സ്വിറ്റ്വാ തുറമുഖത്ത് അടുപ്പിച്ചപ്പോഴാണ് ആക്രമണം അരങ്ങേറിയത്. അഭയാര്‍ത്ഥികള്‍ക്കുള്ള സോളാര്‍ പാനല്‍, വസ്ത്രങ്ങള്‍, കൊതുകു വലകള്‍ എന്നീ അവശ്യവസ്തുക്കളായിരുന്നു കപ്പലില്‍. സഹായവുമായി പോകുന്ന സന്നദ്ധ സംഘങ്ങള്‍ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നു വക്താക്കള്‍ അറിയിച്ചു. മ്യാന്മാര്‍ ഭരണകൂടത്തിന്റെയും ബുദ്ധിസ്റ്റ് അക്രമികളുടെയും ക്രൂരതകളില്‍ പാലായനം ചെയ്തത് 420,000 അഭയാര്‍ത്ഥികളാണ്.
അഭയാര്‍ത്ഥികള്‍ക്കാവശ്യമായ വസ്തുക്കളുമായി പോയ ട്രക്ക് അതിര്‍ത്തിയില്‍ വച്ചാണ് അക്രമിക്കപ്പെട്ടതെന്ന് ബംഗ്ലാദേശിലെ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആങ് സ്വി പ്രൗ പറഞ്ഞു. ബന്ദാരന്‍ ജില്ലയിലെ ദക്ഷിണപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വച്ചായിരുന്നു ആക്രമണം. ആറ് പേര്‍ സംഭവ സ്ഥലത്തു വച്ചും മൂന്നു പേര്‍ ആസ്പത്രിയിലേക്ക് എത്തിക്കും വഴിയാണ് മരിച്ചത്. 10 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.
അഞ്ഞൂറോളം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അക്രമുണ്ടായതെന്ന് ഐസിആര്‍സി വക്താവ് മിസാദാ സെയ്ഫ് വ്യക്തമാക്കി. ബംഗ്ലാദേശ് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. രണ്ട് ആഴ്ചകളിലായി ഈ പ്രദേശത്ത് സേവന സംഘം പ്രവര്‍ത്തിച്ചു വരികയായിരുന്നു.