റിയോ: ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ തുടരുമെന്നാണ് താന്‍ കരുതുന്നതെന്ന് റയല്‍ മാഡ്രിഡിന്റെയും ബ്രസീലിന്റെയും ഇതിഹാസ താരം റൊണാള്‍ഡോ. ക്രിസ്റ്റിയാനോ മാഡ്രിഡ് വിടില്ലെന്ന് തനിക്ക് ഏറെക്കുറെ ഉറപ്പാണെന്നും സീസണില്‍ 50-ലധികം ഗോളുകള്‍ നേടുന്ന കളിക്കാരനെ വിട്ടുകൊടുക്കാന്‍ റയലിന് കഴിയില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

14.7 ദശലക്ഷം നികുതിവെട്ടിച്ചുവെന്ന കേസിനെ തുടര്‍ന്ന് സ്‌പെയിന്‍ വിടാന്‍ പോര്‍ച്ചുഗീസ് താരം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പാരീസ് സെന്റ് ജര്‍മന്‍ തുടങ്ങിയ ടീമുകള്‍ 32-കാരനെ സ്വന്തമാക്കാനായി രംഗത്തുണ്ട്. പോര്‍ച്ചുഗീസ് താരം ക്ലബ്ബ് വിടില്ലെന്നാണ് കരുതുന്നതെന്ന് റയല്‍ പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് പറഞ്ഞിരുന്നു.

‘ക്രിസ്റ്റ്യാനോ (റയലില്‍) തുടരുമെന്ന് എനിക്ക് ഏകദേശം ഉറപ്പുണ്ട്. ഒരാള്‍ ഒരുവര്‍ഷം 50-ലധികം ഗോളുകള്‍ നേടുമ്പോള്‍ അയാളെ ത്യജിക്കാന്‍ ഒരു ടീമിനും കഴിയില്ല. ഇക്കാര്യം ഏറ്റവും നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ടീമാണ് റയല്‍ മാഡ്രിഡ്’ – ഗസറ്റ ഡെല്ലോ സ്‌പോര്‍ട്ടുമായി സംസാരിക്കവെ റയലിനു വേണ്ടി അഞ്ച് വര്‍ഷത്തോളം കളിച്ച ബ്രസീലുകാരന്‍ പറഞ്ഞു.