ലണ്ടന്‍: സൗഹൃദ മത്സരങ്ങളില്‍ മിന്നും ജയങ്ങളുമായി ജര്‍മനിയും ഇംഗ്ലണ്ടും. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ റഷ്യയെ ജര്‍മനി ഏകപക്ഷീയമായ മൂന്നു ഗോളിന് തകര്‍ത്തപ്പോള്‍ അതേ സ്‌കോറിന് അമേരിക്കയെയാണ് ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. ലണ്ടനിലെ വെംബ്ലിയില്‍ നടന്ന മത്സരത്തോടെ ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വെയ്ന്‍ റൂണി അന്താരാഷ്ട്ര രംഗത്തുനിന്ന് ബൂട്ടഴിച്ചു. ലോകകപ്പ് ടീമില്‍ ഇടമില്ലാതിരുന്ന ലിറോയ് സാനെയുടെ ഗോളോടെയായിരുന്നു ജര്‍മന്‍ ഗോള്‍മഴയുടെ തുടക്കം. എട്ടാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്ന് തുടങ്ങിയ നീക്കങ്ങള്‍ക്കൊടുവില്‍ സെര്‍ജി നാബ്രി നല്‍കിയ ക്രോസില്‍ നിന്നാണ് സാനെ ദേശീയ കുപ്പായത്തിലെ തന്റെ കന്നിഗോള്‍ നേടിയത്. 25-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിനെ തുടര്‍ന്ന് റൂഡിഗറുടെ പാസില്‍ നിന്ന് നിക്ലാസ് സുലെ ലീഡുയര്‍ത്തി. 40-ാം മിനുട്ടില്‍ കയ് ഹാവര്‍ട്‌സിന്റെ ത്രൂപാസ് ഗോളാക്കി മാറ്റി സെര്‍ജി നാബ്രി പട്ടിക പൂര്‍ത്തിയാക്കി.
25-ാം മിനുട്ടില്‍ ഡെലെ അലിയുടെ പാസില്‍ പോസ്റ്റിലേക്ക് വളച്ചിറക്കി ലിങ്ഗാര്‍ഡ് ആണ് ഇംഗ്ലണ്ടിന്റെ ആദ്യഗോള്‍ നേടിയത്. 27-ാം മിനുട്ടില്‍ സാഞ്ചോയുടെ പാസ് ദുഷ്‌കരമായ ആങ്കിളില്‍ നിന്ന് വലയിലെത്തിച്ച് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ലീഡുയര്‍ത്തി. 58-ാം മിനുട്ടില്‍ ലിങ്ഗാര്‍ഡിന് പകരക്കാരനായാണ് റൂണി കളത്തിലിറങ്ങിയത്. 77-ാം മിനുട്ടില്‍ ഫാബിയന്‍ ഡെല്‍ഫിന്റെ പാസില്‍ നിന്ന് കാലം വില്‍സണ്‍ പട്ടിക പൂര്‍ത്തിയാക്കി. പകരക്കാരനായാണ് റൂണി ഇറങ്ങിയത്.
മറ്റു മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക് പോളണ്ടിനെയും ഇക്വഡോര്‍ പെറുവിനെയും തോല്‍പ്പിച്ചു. ഉത്തര-റിപ്പബ്ലിക് അയര്‍ലാന്റുകള്‍ തമ്മിലുള്ള മത്സരം ഗോള്‍രഹിതമായി അവസാനിച്ചു.