കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് നേതാവ് സി.വി സുബഹ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു.

ആര്‍.എസ്.എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് ആണ് കാവിക്കൊടി ഒഴുവാക്കി ചെങ്കൊടി പിടിക്കാന്‍ തയാറായത്. ആര്‍എസ്എസ് മുന്‍ പ്രചാരക് ആയിരുന്ന സുബഹ് നേരത്തെ ബാലഗോകുലം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സേവാഭാരതിയുടെ സേവന വാര്‍ത്ത വടക്കന്‍ കേരളം സംയോജകന്‍, ഹിന്ദു ഐക്യവേദി തലശേരി താലൂക്ക് ജനറല്‍ സെക്രട്ടറി എന്നീ ചുമതല വഹിച്ചിട്ടുണ്ട്.

ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ സബ് എഡിറ്ററായ സുബഹ് തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്. ആര്‍.എസ്.എസ് വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സുബഹ് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം സിപിഎമ്മിലേക്കുള്ള സുബഹിന്റെ വരവ് പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചു.

സുബഹിന് സ്വീകരണം നല്‍കുന്നതായി സിപിഎം ധര്‍മ്മടം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പരസ്യം ചെയ്തു തുടങ്ങി. ജനുവരി 20 ശനിയാഴ്ച ധര്‍മ്മടത്തെ ചിറക്കുനിയില്‍വെച്ച് നടക്കുന്ന പൊതുയോഗത്തില്‍വെച്ചാണ് സുബഹിന് സ്വീകരണം ഓരുക്കുന്നത്. സിപിഎം ജില്ല സെക്രട്ടറി പി. ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്യും.