തിരുവനന്തപുരം: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ് നീക്കം. ആര്‍.എസ്.എസുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയെന്ന് ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ വിജയം ഉറപ്പുള്ള ഒരു സ്ഥാനാര്‍ഥിയായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആര്‍.എസ്.എസ് നീക്കം. തെരഞ്ഞെടുപ്പിനു മുന്നോടിയായി മോഹന്‍ലാലിന്റെ സാമൂഹ്യപ്രതിച്ഛായ ഉയര്‍ത്തുന്നതിനാണ് ആര്‍.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍.

മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കുന്നതിനായി ആര്‍.എസ്.എസില്‍ ചര്‍ച്ച നടക്കുകയാണ്. കേരളത്തില്‍ ബി.ജെ.പി ശക്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും ആര്‍.എസ്.എസ് നേതാവ് പറയുന്നു. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നതിനോട് മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ, മോഹന്‍ലാല്‍ ബി.ജെ.പിയില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. ഇരുവരുടേയും കൂടിക്കാഴ്ചയില്‍ കേരളത്തിലെ പ്രളയക്കെടുതിയും ചര്‍ച്ച ചെയ്തിരുന്നു. കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കൂടിക്കാഴ്ച്ചക്ക് ശേഷം മോഹന്‍ലാല്‍ പറയുകയും ചെയ്തു.

‘പ്രധാനമന്ത്രി കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കായി ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങാനുള്ള തങ്ങളുടെ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചുവെന്നും’ മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ച 15 മിനിറ്റിലേറെ നീണ്ടുനിന്നിരുന്നു. അതേസമയം, ഈ കൂടിക്കാഴ്ച്ച തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ളതാണെന്നാണ് വിവരം.