വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപ്പെട്ടതിന്റെ പേരില്‍ റഷ്യക്കെതിരെ നീക്കം നടത്തി അമേരിക്ക. രാജ്യത്തെ 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. വാഷിങ്ടണിലെ റഷ്യന്‍ എംബസി, സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരോടാണ് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക നടപടി സ്വീകരിച്ചത്. റഷ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലെയും മേരിലാന്റിലെയും സ്ഥലങ്ങളില്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അമേരിക്ക വ്യക്തമാക്കി.

150313155533-09-vladiimir-putin-0313-restricted-super-169

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കുന്നതിന് യു.എസ് രാഷ്ട്രീയ വെബ്‌സൈറ്റുകളും ഇമെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിലാണ് റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. ട്രംപിന്റെ വിജയത്തിനു പിന്നില്‍ റഷ്യന്‍ ഇടപെടലാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അമേരിക്കന്‍ ആരോപണങ്ങള്‍ റഷ്യ തള്ളിയിട്ടുണ്ട്. യു.എസിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും റഷ്യ-അമേരിക്ക ബന്ധം തകര്‍ക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.