തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും മൊഴി വിശദമായി പരിശോധിക്കാന്‍ എസ്‌ഐടി. ഇരുവരുടെയും മൊഴി തൃപ്തികരമല്ലെങ്കില്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചു വരുത്തും. സ്വര്‍ണപ്പാളികള്‍ പോറ്റിയുടെ കൈയ്യില്‍കൊടുത്തു വിടുന്നതില്‍ ദേവസ്വം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കടകംപള്ളി നല്‍കിയ മൊഴി. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിച്ചു. പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്.
അതേസമയം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പി.എസ് പ്രശാന്ത് നല്‍കിയിരിക്കുന്ന മൊഴി. ഇതും എസ്ഐടി വിശദമായി പരിശോധിച്ച് വരികയാണ്.
അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റിലായ പോറ്റിയെയും, പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്ഐടി നീക്കം. കേസില്‍ അവസാനം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാര്‍ നല്‍കിയ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപെട്ടാണ് പ്രത്യേക അന്വേഷണസംഘം അപേക്ഷ നല്‍കിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ എസ്ഐടിക്ക് കൈമാറും.
ശബരിമലയിലെ സ്വര്‍ണം പോറ്റി സ്മാര്‍ട്ട് ക്രീയേഷന്‍സിലെത്തിച്ച് വേര്‍തിരിച്ചത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പങ്കജ് ഭണ്ഡാരിയില്‍ നിന്നും എസ്ഐടി ശേഖരിച്ചിരുന്നു. സ്വര്‍ണം വേര്‍തിരിച്ചതില്‍ വിഹിതം നല്‍കിയ ശേഷം ബാക്കിയുള്ള സ്വര്‍ണം ജ്വല്ലറി ഉടമ കൂടെയായ ബെല്ലാരി ഗോവര്‍ദ്ധനിലേക്കും എത്തിയെന്നാണ് കണ്ടെത്തല്‍.
ഉണ്ണികൃഷ്ണന്‍ പോറ്റി അല്ലാതെ ഇടപാടില്‍ മറ്റുള്ളവരുടെ പങ്ക് കൂടെ എസ്ഐടി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ എന്‍.രാമചന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് കോടതിക്ക് മുന്നില്‍ വരും. വാദത്തിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റും.