മലയാളി താരം സഞ്ജു സാംസണ്‍ ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ കളിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍, അത് സംഭവിച്ചില്ല. ആദ്യമായി ഇന്ത്യയുടെ ഏകദിന സ്‌ക്വാഡില്‍ ഇടംപിടിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ഏകദിന അരങ്ങേറ്റത്തിനായി താരം ഇനിയും കാത്തിരിക്കണം.

 

ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സഞ്ജു. മലയാളികള്‍ക്ക് സഞ്ജുവിനോടുള്ള ഇഷ്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇന്നു നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ നിന്ന് ‘സഞ്ജുവേട്ടാ..,’ എന്ന് വിളികള്‍ ഉയര്‍ന്നത് സഞ്ജുവിനെ ചിരിപ്പിച്ചു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന മത്സരം കാണാന്‍ എത്തിയ ഏതോ മലയാളികളാണ് സഞ്ജുവിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. അടുത്ത കളിയില്‍ ടീമിലുണ്ടാകുമോ എന്നാണ് അവര്‍ക്കെല്ലാം അറിയേണ്ടത്. ‘സഞ്ജുവേട്ടാ..,’ എന്ന വിളികേട്ട് മലയാളി താരം തിരിഞ്ഞു നോക്കുന്നുണ്ട്.

ഡിസംബര്‍ നാലിന് ടി 20 പരമ്പര ആരംഭിക്കും. ടി 20 സ്‌ക്വാഡിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. ടി 20 പരമ്പരയില്‍ സഞ്ജു കളത്തിലിറങ്ങാനാണ് സാധ്യത. അതേസമയം, ആവേശകരമായ മൂന്നാം ഏകദിന മത്സരത്തില്‍ 13 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇതോടെ 2-1 എന്ന നിലയില്‍ അവസാനിച്ചു