തമിഴ്‌നാട്ടിലെ സേലത്തെ ചിന്നപ്പാമ്പട്ടിയെന്ന കുഗ്രാമത്തില്‍ ടെന്നീസ് ബോളെറിഞ്ഞ് നടന്നവന്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം നടത്തുന്നു. അതും ലോകക്രിക്കറ്റിലെ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയില്‍ നിന്ന് ഏകദിന ക്യാപ് വാങ്ങി 232ാമത്തെ കളിക്കാരനായി കാന്‍ബറയില്‍ അരങ്ങേറ്റ മത്സരം. 29ാം വയസ്സിലാണ് നടരാജന്‍ ആദ്യ ഏകദിനത്തിന് ഇറങ്ങുന്നത്. മാര്‍നസ് ലാബുഷെയ്‌നെ ബൗള്‍ഡാക്കി ആദ്യ ഏകദിന വിക്കറ്റും സ്വന്തമാക്കി.

തങ്കരസു നടരാജനെന്ന തമിഴ്‌നാട് പേസര്‍ക്ക് ഇത് സ്വപ്നതുല്യമായ നേട്ടമാണ്. പ്രതിസന്ധികളെ തകര്‍ത്തെറിഞ്ഞ് അയാള്‍ നടന്നുകയറിയിരിക്കുന്നത് വലിയ നേട്ടത്തിലേക്കാണ്. കൂലിപ്പണിക്കാരായ നടരാജന്റെ അച്ഛനും അമ്മയും മകനെ വളര്‍ത്തിയത് ഏറെ കഷ്ടകതകള്‍ സഹിച്ചാണ്. കാന്‍ബറയില്‍ ഓസ്‌ട്രേലിയക്കെതിരെ അവന്‍ പന്തെറിയുമ്പോള്‍ ചിന്നപ്പാമ്പട്ടിയെന്ന ഗ്രാമവും ഒപ്പം കയ്യടിക്കുന്നു.

ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച് പ്രതിസന്ധികളോട് പടവെട്ടി വളര്‍ന്നതാണ് നടരാജന്‍. അച്ഛന്‍ കൂലിപ്പണിക്കാരനാണ്. അമ്മ വഴിയോരത്ത് തട്ടുകട നടത്തി കുടുംബത്തിനായി അധ്വാനിക്കുന്നു. ഇവരുടെ അഞ്ച് മക്കളില്‍ മൂത്തവനാണ് നടരാജന്‍. 19ാം വയസ്സ് വരെ ടെന്നീസ് ബോളിലാണ് നടരാജന്‍ കളിച്ചിട്ടുള്ളത്. യുവതാരത്തിന്റെ പ്രകടനം കണ്ട് മെന്ററായ ജെപി നട്ടുവാണ് അവനെ ചെന്നൈയില്‍ എത്തിച്ച് വിദഗ്ദ പരിശീലനം നല്‍കിയത്.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ നടരാജന്റെ പ്രകടനം കണ്ട മുത്തയ്യ മുരളീധരനാണ് താരത്തെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിലെത്തിക്കുന്നത്. ആദ്യ രണ്ട് സീസണില്‍ ടീമില്‍ വലിയ അവസരമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ കിട്ടിയ അവസരം നടരാജന്‍ മുതലാക്കി.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ യോര്‍ക്കര്‍ മാസ്റ്ററെന്നാണ് നടരാജന്‍ അറിയപ്പെടുന്നത്. ഐപിഎല്ലില്‍ താന്‍ യോര്‍ക്കര്‍ കിങാണെന്ന് അദ്ദേഹം തെളിയിച്ചു. ലോകത്തിലെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പോലും നടരാജന്റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ വിറച്ചു. ഹൈദരാബാദിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയതോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിലും സ്ഥാനം ലഭിച്ചു. പിന്നീട് ഏകദിനടീമിലേക്കും താരം പരിഗണിക്കപ്പെട്ടു.

ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ മൂന്നാം ഏകദിനത്തില്‍ ടീമില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതോടെയാണ് നടരാജന് അവസരം ലഭിച്ചത്. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് അദ്ദേഹം ഇറങ്ങിയത്.