റിയാദ് : സഊദിയിലേക്കുള്ള വഴിയിൽ ദുബൈയിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര കേരള സർക്കാറുകൾ അടിയന്ത്രരമായി ഇടപെടണമെന്ന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് ഇ ടി മുഹമ്മദ് ബഷീർ എം പി മുഖേന
കേന്ദ്ര വിദേശകാര്യമന്ത്രി, സഹമന്ത്രി, എന്നിവർക്ക് കത്തയച്ചു. കൂടാതെ മുഖ്യമന്ത്രി, നോർക്ക സി ഇ ഒ , എന്നിവർക്കും അടിയന്തര സന്ദേശമയച്ചു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, പി വി അബ്ദുൽ വഹാബ് എം പി , കെ പി എ മജീദ് എന്നിവർക്കും കത്തയച്ചതായി കെഎംസിസി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രിയുമായി ഇ ടി മുഹമ്മദ് ബഷീർ എം പി നേരിൽ കണ്ട് ചർച്ച നടത്തും . ഈ വിഷയം പഠിച്ച് ഗൗരവപൂർവം ഇടപെടുമെന്ന് നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരിയും അറിയിച്ചു.

കോവിഡ് മുന്കരുതലിന്റെ ഭാഗമായി സഊദി ഇന്ത്യ , യു എ ഇ ഉൾപ്പടെ 20 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഫെബ്രുവരി മൂന്ന് മുതൽ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമെന്ന് പറയുന്നുവെങ്കിലും സമയ പരിധിയില്ലാത്ത യാത്ര വിലക്ക് ആയതിനാൽ ഇത് എത്ര ദിവസം നീളുമെന്ന കാര്യത്തിൽ ധാരണയില്ല. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തിൽ ദുബായ് വഴി സഊദിയിലെത്താൻ യാത്രതിരിച്ച കുടുംബങ്ങളടക്കം നൂറുകണക്കിന് പ്രവാസികളാണ് ഇതോടെ ദുബായിൽ കുടുങ്ങിയത്. പാക്കേജ് കഴിയുന്നതോടെ പെരുവഴിയിലാകുന്ന ഇവരുടെ താമസ , ഭക്ഷണ, ചികിത്സ കാര്യത്തിൽ കാര്യത്തിൽ ആവശ്യമായത് ഉടൻ ചെയ്യണമെന്നാണ് കെഎംസിസി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സഊദിയിലേക്കുള്ള വഴിയിൽ അപ്രതീക്ഷിത യാത്ര വിലക്കിൽ പെട്ട് ദുരിതത്തിലായ ഇന്ത്യക്കാർക്ക് ദുബായിൽ സൗജന്യ താമസ, ഭക്ഷണ, ചികിത്സാ സൗകര്യങ്ങളൊരുക്കാൻ സർക്കാരിന്റെയും നോർക്കയുടെയും ഭാഗത്ത് നിന്ന് അടിയന്തര നടപടി വേണമെന്നും എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇവർക്ക് ദുബായിൽ സഊദിയിലേക്കുള്ള താത്കാലിക യാത്രാവിലക്ക് തീരുന്നത് വരെയുള്ള താമസവും മറ്റു സൗകര്യങ്ങളും ഏർപ്പാട് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു . യു എ ഇ യിൽ താമസിക്കാനുള്ള വിസിറ്റിംഗ് വിസയുടെ കാലാവധി തീരുന്ന പക്ഷം സൗജന്യമായി നീട്ടി നൽകാനുള്ള നടപടിയുണ്ടാകണം. യാത്രാവിലക്ക് അനിശ്ചിതമായി തുടരുന്ന പക്ഷം ഇത്തരം യാത്രക്കാരെ ദുബായിൽ നിന്ന് നാട്ടിലേക്ക് സൗജന്യമായി തിരിച്ചെത്തിക്കാനുള്ള നീക്കവുമുണ്ടാകണമെന്നുമാണ് കെഎംസിസി ആവശ്യപ്പെട്ടത്. നോർക്ക സി ഇ ഓ ഹരികൃഷ്ണൻ നമ്പൂതിരിയുമായി അഷ്‌റഫ് വേങ്ങാട്ട് , ഷാജി ആലപ്പുഴ എന്നിവർ ബന്ധപെട്ടു.