കോഴിക്കോട്: സ്‌കോളര്‍ഷിപ്പിന്റെ മറവില്‍ സ്‌കൂളില്‍ സംഘപരിവാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ അധ്യാപകനെ സസ്പെന്റ് ചെയ്തു. കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ മുരളിയ്ക്കെതിരെയാണ് വിദ്യാഭാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്റേതാണ് ഉത്തരവ്.

ഉളളടക്കം അറിയാതെയാണ് വിദ്യാഭാരതിയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്തതെന്നായിരുന്നു കാരണം കാണിയ്ക്കല്‍ നോട്ടീസിന് അധ്യാപകന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് ശരിയല്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.

ആര്‍ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പുസ്തകങ്ങളാണ് സ്‌കോളര്‍ഷിപ്പിനെന്ന വ്യാജേന സ്‌കൂളില്‍ വിതരണം ചെയ്തത്. സംഭവം വിവാദമായതോടെ അധ്യാപകനെ സ്‌കൂളില്‍ നിന്ന് മാറ്റിയിരുന്നു.