Film

നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ കാറിടിച്ചയാള്‍ മരിച്ച സംഭവം; കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

By webdesk17

January 02, 2026

കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വില്‍പ്പനക്കാരനായ കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ഒരാഴ്ചയായി ചികിത്സായില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബര്‍ 24നു രാത്രി എംസി റോഡില്‍ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നെത്തിയ താരത്തിന്റെ വാഹനം വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു താരം. സിദ്ധാര്‍ഥിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തങ്കരാജ് മരിച്ച സാഹചര്യത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വൈദ്യ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായതിനെ തുടര്‍ന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാര്‍ഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചിങ്ങവനം പൊലീസാണ് കേസെടുത്തത്.