അഹമ്മദാബാദ്: ഗുജറാത്തില്‍ വാഹനാപകടത്തില്‍പെട്ട് ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ മരിച്ചു. ഗുജറാത്തിലെ പാഞ്ച്മഹല്‍ ജില്ലയില്‍ കാര്‍ കുഴിയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പത്ത് പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ മൂന്നുപേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ് ബിലാല്‍ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുല്‍ അഫ്‌റോസ് (13), അസീന ബാനു (11), മുഹമ്മദ് താഹിര്‍ (11), മുഹമ്മദ് യൂസഫ് (ഏഴ്) എന്നിവരാണ് മരിച്ചത്.

ഹാലോളിലുള്ള ബന്ധുവീട് സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. രാത്രിയില്‍ വളവു തിരിയുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. അഹമ്മദാബാദില്‍നിന്നും 180 കിലോമീറ്റര്‍ അകലെ ജംബുഗോഡയിലെ ഭാട്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരാണ് മൂന്നുപേരുടെ ജീവന്‍ രക്ഷിച്ചത്.