kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: തവനൂര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

By webdesk18

January 01, 2026

മലപ്പുറം: പതിനാലുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 38 കാരനായ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂത്തേടം കാരപ്പുറം ചോലമുണ്ട് പൂങ്ങോടന്‍ സുനില്‍ദാസ് എന്ന തവനൂര്‍ സ്വദേശിക്കെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് വിധി പ്രഖ്യാപിച്ചത്.

പിഴ തുക അടച്ചാല്‍ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം പ്രതി ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷയ്ക്ക് പിന്നാലെ പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.

എടക്കര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍. അനീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എടക്കര പൊലീസ് എസ്എച്ച്ഒ എന്‍.ബി. ഷൈജു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസന്വേഷണത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജ എസ്. നായര്‍ സഹായം നല്‍കി. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലിയസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബയും പ്രോസിക്യൂഷനെ സഹായിച്ചു.