ഹോളിവുഡ് നടനും റാപ്പര്‍ കൂടിയായ വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡന പരാതി. നടന്റെ കഴിഞ്ഞ വര്‍ഷത്തെ മ്യൂസിക് ടൂറിലുണ്ടായിരുന്ന ബ്രയാന്‍ കിംഗ് ജോസഫ് എന്ന വയലിനിസ്റ്റ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വില്‍ സ്മിത്തിന്റെ ‘ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി 2025’ പര്യടനത്തിനിടെ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഹോട്ടല്‍ മുറിയില്‍ ആരോ അതിക്രമിച്ചു കയറിയതായും അവിടെ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍, മറ്റൊരാളുടെ പേര് പതിച്ച എച്ച്‌ഐവി മരുന്നുകള്‍, മദ്യക്കുപ്പി തുടങ്ങിയവ ഉപേക്ഷിച്ചതായും ബ്രയാന്‍ പരാതിയില്‍ പറയുന്നു. ‘ബ്രയാന്‍, ഞാന്‍ 5:30ന് മുമ്പ് തിരികെ വരും, നമുക്ക് മാത്രമായി…’ എന്ന് എഴുതിയ ഒരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചതായി ഇയാള്‍ ആരോപിക്കുന്നു. ഇത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നീക്കമായിരുന്നെന്നാണ് ബ്രയാന്‍ പറയുന്നത്.
ഈ സംഭവം ടൂര്‍ മാനേജ്മെന്റിനെയും ഹോട്ടല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചതിനെത്തുടര്‍ന്ന്, ബ്രയാന്‍ കള്ളം പറയുകയാണെന്ന് മാനേജ്മെന്റ് ആരോപിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ‘നമ്മള്‍ തമ്മില്‍ പ്രത്യേകമായ ഒരു ബന്ധമുണ്ട്’ എന്ന് സ്മിത്ത് തന്നോട് പറഞ്ഞിരുന്നതായും ബ്രയാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക പീഡനത്തിനും അന്യായമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനും ബ്രയാന്‍ വില്‍ സ്മിത്തിനും നടന്റെ കമ്പനിയായ ട്രേബോള്‍ സ്റ്റുഡിയോ മാനേജ്മെന്റിനും എതിരെ ലോസ് ഏഞ്ചല്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
വില്‍ സ്മിത്തോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ കലാകാരനാണ് ബ്രയാന്‍ കിംഗ് ജോസഫ്.