കൊച്ചി: മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ അപൂര്‍വ കലാകാരനായിരുന്നു ശ്രീനിവാസന്‍.
ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.
മരണവിവരം അറിഞ്ഞതോടെ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പേര്‍ ആശുപത്രിയിലെത്തി. മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍ ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ. ബാബു എംഎല്‍എ എന്നിവരും ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നും ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കുമെന്നും അറിയിച്ചു.
സിനിമയിലും ജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചയാളായിരുന്നു ശ്രീനിവാസനെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരുമായും പ്രത്യേക സൗഹൃദം നിലനിര്‍ത്തിയിരുന്ന അദ്ദേഹം ജീവിതത്തില്‍ എന്നും ഹാസ്യം കൈവിടാത്ത വ്യക്തിയായിരുന്നു. ”ഒരുപാട് അസുഖങ്ങളുടെ പിടിയിലായിരുന്നെങ്കിലും കുടുംബത്തോടും സുഹൃത്തുകളോടും നല്ല ബന്ധം അദ്ദേഹം എന്നും സൂക്ഷിച്ചു. എത്രയോ വര്‍ഷത്തെ ജീവിതയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഃഖമാണ് നല്‍കുന്നത്,” മോഹന്‍ലാല്‍ പറഞ്ഞു. അടുത്തകാലത്ത് അമൃത ആശുപത്രിയില്‍ പോയിരുന്നെങ്കിലും കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരുമിച്ച് കടന്നുപോയ അനുഭവങ്ങളാണ് ശ്രീനിവാസനുമായുള്ള ബന്ധമെന്നും, സിനിമയിലെ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി അദ്ദേഹത്തിന്റെ കുടുംബവുമായും ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. സമൂഹത്തിലെ വിരോധാഭാസങ്ങളും സാമൂഹിക സാഹചര്യങ്ങളും വിമര്‍ശിച്ചുകൊണ്ട് തമാശയുടെ രൂപത്തില്‍ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒന്നിച്ച് സാധിച്ചുവെന്നും, അതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും സമൃദ്ധമായ പൈതൃകം സമ്മാനിച്ച ശ്രീനിവാസന്റെ വിയോഗം മലയാളികള്‍ക്കെല്ലാം തീരാനഷ്ടമായി മാറുകയാണ്.