മാനവിക ഐക്യവും സമുദായ സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ യൂത്ത് ലീഗ് നടത്തുന്ന ലാ കോണ്‍ വിവന്‍സിയ കാമ്പയിന്‍ കോട്ടയത്ത് ഒരുമയുടെ സ്‌നേഹഗാഥ രചിച്ചു. കോട്ടയം നഗരത്തിലെ പ്രസിദ്ധമായ തിരുനക്കര ക്ഷേത്രത്തിലെ കിഴക്കേനടയില്‍ ശബരിമല മുന്‍ മേല്‍ശാന്തി ഇ.എസ് ശങ്കരന്‍ നമ്പൂതിരിയും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പരസ്പരം ഷാളണിയിച്ച് ആലിംഗനം ചെയ്ത് മതമൈത്രിയുടെ സന്ദേശം കൈമാറിയപ്പോള്‍ വിരിഞ്ഞത് സാഹോദര്യത്തിന്റെ ഒരായിരം സ്‌നേഹപ്പൂക്കള്‍.

ശബരിമലയിലെ തന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുന്‍ മേല്‍ശാന്തി എഴുതിയ പുസ്തകം തത്വമസി തങ്ങള്‍ക്ക് സ്‌നേഹോപഹാരമായി നല്‍കി. ശബരിമലയില്‍ അയ്യപ്പനെ ദര്‍ശിക്കാനെത്തുന്നവര്‍ വാവര്‍ സ്വാമിയെ കാണണം. ശബരിമല നട അടയ്ക്കുമ്പോള്‍ മുഴങ്ങുന്ന ഹരിവരാസനം പാടിയത് യേശുദാസാണ്.

മതമൈത്രിയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് മേല്‍ശാന്തി കൂട്ടിച്ചേര്‍ത്തു. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ യൂത്ത് ലീഗ് നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. മേല്‍ശാന്തി ഇ.എസ് ശങ്കരന്‍ നമ്പൂതിരിയുടെ വാക്കുകള്‍ കാലഘട്ടത്തില്‍ ഏറെ പ്രസ്‌ക്തമാണെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, കെ.എ മാഹിന്‍, കെ.എസ് സിയാദ്, അജി കൊറ്റംമ്പടം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.ജി മുഹമ്മദ്, പി.കെ ഫിറോസ്, എം.എ സമദ്, ആഷിഖ് ചെലവൂര്‍, മുഹമ്മദ് സിയ തുടങ്ങിയവര്‍ പങ്കെടുത്തു.