ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധക്കാര്‍ക്ക് നടുവിലേക്ക് വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ബിജെപിയില്‍ ഔദ്യോഗികമായി അംഗമായി. ഇയാള്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നതായി ടൈംസ് നൗ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടി ഹിന്ദുത്വക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അംഗത്വമെടുത്തതിന് ശേഷം ഗുജ്ജാര്‍ പറഞ്ഞു.

ഫെബ്രുവരി 1നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച് കൊണ്ടിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ഗുജ്ജാര്‍ വെടിയുതിര്‍ത്തത്. ജയ്ശ്രീറാം വിളിച്ചുകൊണ്ടും ഈ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി, മറ്റാരും വേണ്ട എന്ന് ആക്രോശിച്ചും കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്.