മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കരാറില്‍ നിന്നും ഒഴിവാക്കി. ഒക്ടോബര്‍ 1 മുതല്‍ ജൂണ്‍ 30 വരെയുളള കരാറില്‍ നിന്നാണ് അഫ്രീദിയെ ഒഴിവാക്കിയത്. ഇത് വിരമിക്കലിനുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ വ്യക്തമായ സന്ദേശമായാണ് കണക്കാക്കുന്നത്.

ഏപ്രില്‍ 3ന് പാകിസ്താന്‍ ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഇതുവരെ ദേശീയ ടീം ജഴ്‌സിയണിയാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. അഫ്രീദിയെ കൂടാതെ സ്പിന്നര്‍ സഈദ് അജ്മലിനെയും പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിരിച്ചു വരവിന് ശ്രമിക്കുന്ന 39കാരന് വന്‍ തിരിച്ചടിയാണിത്.

അതേസമയം, ക്യാപ്റ്റന്‍ അസ്ഹര്‍ അലി, മിസ്ബാഹുല്‍ ഹഖ്, സര്‍ഫ്രാസ് അഹ്മദ്, മുഹമ്മദ് ഹഫീസ്, യൂനുസ്ഖാന്‍, ഷുഐബ് മാലിക്, ലെഗ്‌സ്പിന്നര്‍ യാസിര്‍ ഷാ എന്നിവരെ എ- കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.

ബൗളര്‍മാരായ വഹാബ് റിയാസ്, റാഹത്ത് അലി, മുഹമ്മദ് ആമിര്‍ എന്നിവരെ ബി- കാറ്റഗറിയിലും സാമി അസ്ലം, ഷര്‍ജീല്‍ ഖാന്‍, ഇമാദ് വാസിം, മുഹമ്മദ് നവാസ് എന്നിവരെ സി- കാറ്റഗറിയിലും ഉള്‍പ്പെടുത്തി. ഓപണര്‍യ അഹ്മദ് ഷഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നിവരെ ഡി കാറ്റഗറിയിലേക്ക് തരം താഴ്ത്തി.