ബി.ജെ.പി അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 31ന് രാജ്ഭവനു മുന്നില്‍ യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും ധര്‍ണ നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു.
ബി.ജെ.പിയുടെ അഴിമതിവിരുദ്ധ മുഖം കൃത്രിമമാണെന്നും യഥാര്‍ത്ഥത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ബി.ജെ.പിയെന്നും യോഗം വിലയിരുത്തി. കോളജുകളുടെ കാര്യത്തില്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് ഫണ്ടില്‍ വരെ അഴിമതി നടത്തി. ഭരണമില്ലാത്ത കേരളത്തില്‍ ഇത്രയും അഴിമതി നടത്തിയെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി അഴിമതിയില്‍ സ്വാധീനങ്ങള്‍ക്ക് വഴിപ്പെടാതെ നിഷ്പക്ഷമായ അന്വേഷണം വേണം. ഉന്നതതല ഏജന്‍സി അന്വേഷണത്തിന് നേതൃത്വം നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണം. പനിമരണം ഗൗരവമായി എടുക്കാനോ ജനപങ്കാളിത്തം ഉറപ്പാക്കി പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേരള ബാങ്ക് രൂപീകരണം സഹകരണ മേഖലയെ തകര്‍ക്കാനെ ഉപകരിക്കൂ. ജില്ലാ സഹകരണബാങ്കുകള്‍ നിലവില്‍ ഭംഗിയായി പോവുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായ പുനഃപരിശോധന നടത്തണം.
യു.ഡി.എഫോ ഘടകകക്ഷികളോ പ്രാദേശിക ഹര്‍ത്താലുകള്‍ ഇനിമുതല്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടത്താന്‍ പാടില്ല. ഭരണരംഗത്ത് സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണ്. ലോക്കപ്പ് മര്‍ദനവും ലാത്തിച്ചാര്‍ജും ഒരുനിയന്ത്രണവുമില്ലാതെ പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നു. ആരും നിയന്ത്രിക്കാനില്ലാത്ത നിലയിലാണ് പൊലീസ് മര്‍ദനം അഴിച്ചുവിടുന്നത്. എല്ലാരംഗത്തും ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ട് നേരിടുകയാണ്. സ്വാശ്രയകോളജുകളെ വരുതിയിലാക്കാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ രാജിവെക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നില്ല. എന്നാല്‍ പോരായ്മകള്‍ പരിഹരിച്ച് ഭരണം നേരേ കൊണ്ടുപോവണം.
യു.ഡി.എഫില്‍ നിന്നും ഒരു കക്ഷിയും വിട്ടുപോവില്ല. അങ്ങനെയുള്ള ഒരു ധ്വനിയുമില്ല. ഇപ്പോള്‍ പുറത്തുവരുന്നത് എല്‍.ഡി.എഫിന്റെ പ്രചരണം മാത്രമാണ്. ജെ.ഡി.യു നേതാക്കള്‍ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തു. അവര്‍ യോഗത്തില്‍ പങ്കെടുത്തതാണ് ഏറ്റവും വലിയ ഉറപ്പ്. യു.ഡി.എഫിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് വിടുമെന്ന് ഏതെങ്കിലും ഭാരവാഹി പറഞ്ഞാല്‍ യു.ഡി.എഫിന് വിശദീകരണം ചോദിക്കാനാവില്ല. അതൊക്കെ അതത് പാര്‍ട്ടികള്‍ ചെയ്യേണ്ടതാണ്. ജെ.ഡി.യുവിന്റെ നേതാവായ വീരേന്ദ്രകുമാര്‍ അത്തരത്തില്‍ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ യു.ഡി.എഫ് നേതൃത്വത്തിന് വിശദീകരണം തേടാം. വീരേന്ദ്രകുമാറിനോട് എല്‍.ഡി.എഫ് ചെയ്തതു വെച്ചു നോക്കിയാല്‍ അദ്ദേഹം തിരികെപോവില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.