നിരവധി പേരുടെ ജീവനപഹരിച്ച ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ സാമൂഹ്യ സുരക്ഷക്കു വെല്ലുവിളിയാകുന്ന പുതിയ ഗെയിം കൂടി. 48 മണിക്കൂര്‍ മിസ്സിങ് ചാലഞ്ച് എന്ന പേരിലാണ് പുതിയ ഗെയിം പ്രത്യക്ഷപ്പെട്ടത്. അയര്‍ലന്റ് കേന്ദ്രീകരിച്ചാണ് ഈ ഗെയിം പ്രചരിക്കുന്നത്. ഫേസ്ബുക്ക് വഴി ലഭിക്കുന്ന ഗെയിം 14 വയസ്സിനു താഴെയുള്ളകുട്ടികളെ ലക്ഷ്യമിട്ടാണ് നിര്‍മിച്ചതെന്നാണ് വിവരം. ആരോടും പറയാതെ 48 മണിക്കൂര്‍ ഒളിവില്‍ പോകുക എന്നതാണ് കളിയിലെ പ്രധാന വെല്ലുവിളി. ഈ സമയത്തിനിടെ പരിഭ്രാന്തരാകുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതിന്റെയും അയക്കുന്ന സന്ദേശങ്ങളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നിര്‍ണയിക്കുക.
സംഭവം വിവാദമായതോടെ ഫേസ്ബുക്ക് തന്നെ ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 12 വയസുകാരിയായ മകളെ കാണാതായി പരാതിപ്പെട്ട് അയര്‍ലന്റിലെ യുവതി രംഗത്തുവന്നിരുന്നു. ഇതിനെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു ഗെയിം പ്രചരിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സമാനരീതിയില്‍ ചാലഞ്ചിന്റെ ഭാഗമെന്ന്് സംശയിക്കുന്ന തരത്തില്‍ മറ്റ് ചില കുട്ടികളെയും വീട്ടില്‍ നിന്ന് കാണാതാവും പിന്നീട് അവര്‍ സ്വയം തിരിച്ചെത്തുകയും ചെയ്തിരുന്നുവെന്നാണ് വിവരം.