ന്യൂഡല്‍ഹി: വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനാണ് രാഹുല്‍ഗാന്ധി മറുപടി പറഞ്ഞത്. താന്‍ വിധിയില്‍ വിശ്വസിക്കുന്നുവെന്നും വിവാഹം നടക്കേണ്ട സമയത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.എച്ച്.ഡി ചേംബറിന്റെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു വിജേന്ദര്‍ സിംങ് രാഹുല്‍ ഗാന്ധിയോട് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്. ഇതൊരു പഴയ ചോദ്യമാണെന്നായിരുന്നു ആദ്യം രാഹുലിന്റെ മറുപടി. എന്നാല്‍ വിജേന്ദര്‍ ആവര്‍ത്തിച്ചപ്പോള്‍ രാഹുല്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. താന്‍ വിധിയില്‍ വിശ്വസിക്കുന്നുവെന്നും എല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

താന്‍ വ്യായാമം ചെയ്യാറുണ്ട്. നീന്താറുമുണ്ട്. ബ്ലാക്ക്‌ബെല്‍റ്റാണ്. പക്ഷേ താനത് പുറത്ത് പറയാറില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദിവസവും ഒരു മണിക്കൂര്‍ വീതം വ്യായാമം ചെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്നുനാലുമാസമായി വ്യായാമം ചെയ്യാറില്ലെമ്മ് സമ്മതിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്താല്‍ ആളുകള്‍ക്ക് പ്രചോദനമാവില്ലേ എന്ന ചോദ്യത്തിന് പിന്നീടൊരിക്കല്‍ ചെയ്യാമെന്നായിരുന്നു രാഹുലിന്റെ മറുപടി.