ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത യുപി പൊലീസിന്റെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുക. സിദ്ദിഖ് കാപ്പനെ ഉടന്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് യൂണിയന്‍ സമര്‍പ്പിച്ചത്. ഹാത്രസിലേക്കുള്ള യാത്രാമധ്യേയാണ് സിദ്ധീഖ് കാപ്പന്‍ അറസ്റ്റിലാവുന്നത്.

എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാം എന്ന്, യൂണിയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.

ഹര്‍ജിയുമായി അലഹാബാദ് ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ കേസില്‍ യുഎപിഎ ചുമത്തിയുണ്ടെന്നും ഹൈക്കോടതി ഇതില്‍ ജാമ്യം നല്‍കില്ലെന്നും കേസ് വര്‍ഷങ്ങളോളം നീളുമെന്നും കപില്‍ സിബല്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.