ന്യൂഡല്‍ഹി: നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നടിയുടെ പഴയ ട്വിറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഖുശ്ബു സംഘപരിവാറിനെതിരെ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുന്നത്. സംഘികള്‍ കുരങ്ങന്‍മാരെപ്പോലെയാണ് പെരുമാറുന്നത്‌. അവര്‍ക്ക് ആറാം ഇന്ദ്രിയമില്ലെന്നാണ് ഖുശ്ബുവിന്റെ പഴയ ട്വീറ്റ് പറയുന്നത്. താങ്കള്‍ കുരങ്ങന്‍മാരുടെ കൂട്ടത്തില്‍ ചേര്‍ന്നോ എന്ന് ചോദിച്ചാണ് പലരും ഇത് റീട്വീറ്റ് ചെയ്യുന്നത്.

ആറ് വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഖുശ്ബു ബിജെപിയില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഖുശ്ബു ഉന്നയിച്ചിരുന്നത്. ഇതെല്ലാം ഒറ്റയടിക്ക് വിഴുങ്ങിയാണ് ഇപ്പോള്‍ ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചക്ക് ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദേശീയ സെക്രട്ടറി സി.ടി രവി ഖുശ്ബുവിന് അംഗത്വം നല്‍കി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി ഖുശ്ബു ചര്‍ച്ച നടത്തി. തമിഴ്‌നാട്ടില്‍ ബിജെപിയുടെ ജയം ഉറപ്പിക്കാന്‍ കഠിനമായി പരിശ്രമിക്കുമെന്ന് ഖുശ്ബു പറഞ്ഞു.