മാഡ്രിഡ്: തലയില്‍ ഒരു ബേസ്‌ബോള്‍ തൊപ്പി. മുഖത്ത് വലിയ സണ്‍ ഗ്ലാസും വെളുത്ത റൗണ്ട് നെക് ടീ ഷര്‍ട്ടും ബാഗി ത്രി ഫോര്‍ത്തും….. ഈ വേഷത്തിലൊരാളെ കാണുമ്പോള്‍ ആരും ശ്രദ്ധിക്കില്ല. യൂറോപ്പില്‍ ഇതെല്ലാം സാധാരണ വേഷം. കൂടെ ഒരു മധ്യവയസ്‌ക്കയും… രണ്ട് പേരും സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ റയോ മജാഹോണ്ടയും സ്പാനിഷ് ലാലീഗ ക്ലബായ ലഗാനസും തമ്മിലുളള പ്രി സീസണ്‍ പരിശീലന മല്‍സരം ആസ്വദിക്കാനാണ് എത്തിയത്. സാമാന്യം നല്ല ജനക്കൂട്ടമുണ്ട് സ്‌റ്റേഡിയത്തില്‍. രണ്ട് പേരും കളി വീക്ഷിക്കുന്നതിനിടെ അരികിലുടെ പലരും കടന്ന് പോയി. പക്ഷേ ഇവരില്‍ ഒരാള്‍ തിരിച്ചറിഞ്ഞു ആ തൊപ്പിക്കാരനെ…. കളിക്കാരനായും പരിശീലകനായും ഫുട്‌ബോള്‍ ലോകം കീഴടക്കിയ സാക്ഷാല്‍ സൈനുദ്ദീന്‍ സിദാന്‍……. ഉടന്‍ തന്നെ അവനൊരു സെല്‍ഫി… പിന്നെ പറയേണ്ടതില്ലല്ലോ-സിദാന്‍ സറ്റേഡിയത്തിലുണ്ടെന്ന വാര്‍ത്ത അതിവേഗം പടര്‍ന്നു. പിന്നെ കണ്ടത് കളി കാണുന്നതിന് പകരം എല്ലാവരും സിദാനെ കാണാനെത്തി….. എല്ലാവരെയും ചിരിയോടെ സിദാന്‍ നേരിട്ടു. മകന്‍ എന്‍സോയുടെ കളി കാണാനാണ് രക്ഷിതാക്കള്‍ എത്തിയത്. കൂടുതല്‍ കാണികള്‍ തിരിച്ചറിഞ്ഞതോടെ സിസുവും ഭാര്യയും മുങ്ങുകയും ചെയ്തു.