ജയ്പൂര്‍: രാജസ്ഥാനില്‍ ശനിയാഴ്ച പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുമായാണ് ബിജെപി എംഎല്‍എ രംഗത്തെത്തിയത്. സാക്കിര്‍ ഖാന്‍ എന്നയാളെയാണ് പശുക്കടത്ത് ആരോപിച്ച് ശനിയാഴ്ച ആല്‍ക്കൂട്ടം തല്ലിച്ചതച്ചത്.

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ഇന്നലെ സാക്കിര്‍ എന്ന മുസ്ലിം യുവാവ് ക്രൂര മര്‍ദനത്തിനിരയായത്. ട്രക്കില്‍ കന്നുകാലികളെ കൊണ്ടുവരികയായിരുന്ന സാക്കിറിനെ ഒരു സംഘം പിന്തുടരുകയും വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പശുകടത്തിന്റെ പേരില്‍ പിന്നീട് സാക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് സംബന്ധിച്ച മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഭീഷണിയുമായി ബിജെപി എംഎല്‍ എ ഗ്യാന്‍ ദേവ് അഹൂജ രംഗത്തെത്തിയത്.

‘പശുവിനെ കടത്തുകയും കശാപ്പ് ചെയ്യുകയും ചെയ്താല്‍ നിങ്ങള്‍ കൊല്ലപ്പെടും, പശു മാതാവാണ്. മാതാവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താല്‍ നിങ്ങളെ കൊലപ്പെടുത്തും’ അഹൂജ പറഞ്ഞു. ജെഎന്‍യു സര്‍വകലാശാലയില്‍ നിന്നും 3,000 കോണ്ടങ്ങളും 2,000 മദ്യക്കുപ്പികളും ലഭിച്ചെന്ന് പറഞ്ഞ് അപഹാസ്യനായ വ്യക്തിയാണ് അഹൂജ എംഎല്‍എ.

സാക്കിറിനെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ ലോറി മറിഞ്ഞാണ് സാക്കിറിന് പരിക്കേറ്റതെന്നും രാംഗഡ് എംഎല്‍എ ആരോപിച്ചു. നേരത്തെ പെഹ്ലു ഖാനും ഉമര്‍ഖാനുമെല്ലാം പശുകടത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതും ഇതേ ആല്‍വാര്‍ ജില്ലയിലാണ്