ഷിവമോഗ: കര്‍ണാകടയിലെ ഷിവമോഗയില്‍ രാജവെമ്പാലയുടെ കടിയില്‍ നിന്ന് പാമ്പുപിടുത്തക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി പാമ്പ് ആക്രമിക്കുകയായിരുന്നു.

അരുവിയിലേക്ക് വീണുകിടക്കുന്ന മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഒളിച്ച രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പാമ്പുപിടുത്തക്കാരന്‍. ഇതിനിടെ രാജവെമ്പാല ഇയാളെ അപ്രതീക്ഷിതമായി ആക്രമിച്ചു. പെട്ടന്നുള്ള ആക്രമണത്തില്‍ പതറിയ ഇയാള്‍ കൈയിലിരുന്ന വടികൊണ്ട് പാമ്പിനെ തടയുകയും കൈകൊണ്ട് തട്ടിമാറ്റുകയും ചെയ്തു.

അടി തെറ്റിയ പാമ്പുപിടുത്തക്കാരന്‍ അരുവിയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പാമ്പുപിടുത്തക്കാരനും സഹായത്തിനെത്തി. രണ്ട് പേരും ചേര്‍ന്ന് പാമ്പിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.