ചണ്ഡിഗഡ്: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ താക്കീതുമായ ട്രാക്ടർ പരേഡുമായി കർഷകർ മുന്നോട്ട്. സുപ്രീംകോടതിയുടെ താൽക്കാലിക സ്‌റ്റേ ഉണ്ടെങ്കിലും വിവാദ നിയമം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടറുകൾ അണിനിരത്താനുറച്ചാണ് കർഷകർ. റിപ്പബ്ലിക്ക് ദിനത്തിലെ സമരപരിപാടികൾക്കായി പഞ്ചാബിൽ വൻ ഒരുക്കങ്ങളാണ് കർഷകർ നടത്തുന്നത്. കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ അമൃത്‌സറിൽനിന്ന് നൂറുകണക്കിന് ട്രാക്ടർ ട്രോളികളാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്കു തിരിച്ചത്. ജനുവരി ഇരുപതോടെ കൂടുതൽ ട്രാക്ടറുകൾ അയക്കാനാണ് കർഷകരുടെ തീരുമാനം. വാഹനങ്ങൾ അയക്കാത്തവർക്ക് പഴ ഈടാക്കുമെന്ന വാർത്തകളുമുണ്ട്.

ഇപ്പോഴല്ലെങ്കിൽ പിന്നീടൊരിക്കലും ഉണ്ടാകില്ല, എന്ന സന്ദേശമാണ് സംസ്ഥാനത്താകെയുള്ള ഗുരുദാരകളിൽനിന്ന് ഉച്ചഭാഷിണി വഴി ആഹ്വാനം ചെയ്യുന്നത്. അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പിന്നീട് അവസരം കിട്ടില്ലെന്നും ഗുരുദ്വാരകൾ വഴി കർഷകർക്ക് അറിയിപ്പുകൾ നൽകുന്നത്. കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി വിഷയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ സമതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണു കർഷകർ. കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരെയാണു സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ജനുവരി 26ന് ട്രാക്ടർ പരേഡുമായി മുന്നോട്ടു പോകാൻ കർഷകർ തീരുമാനിച്ചത്.

എല്ലാ ഗ്രാമങ്ങളിൽനിന്നും 100 ട്രാക്ടറുകൾ എങ്കിലും ജനുവരി 20ന് അയയ്ക്കാനുളള ഒരുക്കങ്ങളാണു പുരോഗമിക്കുന്നത്. പ്രാദേശിക ഗുരുദ്വാരകളിൽ യോഗങ്ങൾ ചേർന്നാണു തീരുമാനങ്ങൾ എടുക്കുന്നത്. സംഘാടകർ തെരുവുകൾ തോറുമെത്തി കർഷകരെ ഡൽഹിയിലേക്കു ക്ഷണിക്കും. ട്രാക്ടർ അയക്കാൻ കഴിയാത്തവർ സമരസഹായ നിധിയിലേക്ക് നിർബന്ധിത സംഭവന നൽകണം. ഗ്രാമങ്ങളിൽനിന്നു വിദേശത്തു പോയവരും സംഭാവന നൽകണമെന്നാണ് നിർദ്ദേശം. ഭൂവുടമകളും സംഭാവന നൽകുന്നുണ്ടെന്ന് കർഷക നേതാക്കൾ പറഞ്ഞു. ചാണകവറളികൾ കത്തിച്ച് ലോഹ്രി ഉത്സവം ആഘോഷിക്കുന്ന പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽ ഇക്കുറി കാർഷിക ബില്ലുകളുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുമെന്നും സംഘടനകൾ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധം വൻ സംഭവമായി മാറുമെന്നാണ് വിലയിരുത്തൽ.