തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാണിക്കുന്ന അനാവശ്യ ധൃതി തിരിച്ചടിയാകുമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും മുമ്പുതന്നെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നത്. കൂടുതല്‍ നിയമോപദേശത്തിനു ശേഷം മാത്രം അന്വേഷണ ഉത്തരവ് പുറത്തിറക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം തിരിച്ചടി ഭയന്നിട്ടാണെന്നാണ് വിവരം.

തുടര്‍ അന്വേഷണത്തിനുള്ള കരട് റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നേരത്തെ തന്നെ അംഗീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിന് തടസ്സങ്ങളില്ലെന്നിരിക്കെ, വീണ്ടും നിയമോപദേശം ആവശ്യപ്പെട്ട് ഫയല്‍ അഡ്വക്കറ്റ് ജനറലിന്റെയും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റേയും പരിഗണനക്ക് അയച്ചിരിക്കുകയാണ് സര്‍ക്കാര്‍. അന്വേഷണം ആരംഭിച്ചാലും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് രാഷ്ട്രീയ അനുമതി ഉടന്‍ നല്‍കില്ലെന്നും സി.പി.എം കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

ജാമ്യമില്ലാത്ത 376ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. എന്നാല്‍ മാനഭംഗത്തിനിരയായ സ്ത്രീയുടെ പരാതിയിന്മേല്‍ സ്വീകരിക്കുന്ന ഈ നടപടിക്രമം ഇപ്പോഴത്തെ കേസില്‍ പാലിക്കാനാകുമോ എന്ന സംശയം നിയമവൃത്തങ്ങള്‍ തന്നെ സര്‍ക്കാര്‍ മുമ്പാകെ പ്രകടിപ്പിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിക്ക് സ്ഥിരതയില്ലാത്ത പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള പൊലീസ് നടപടി എന്ന നിലയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാനും പ്രതിപ്പട്ടികയില്‍ വരുന്നവര്‍ക്ക് കഴിയും. കോടതി മുമ്പാകെ സരിത നല്‍കുന്ന മൊഴിയെ ആശ്രയിച്ചായിരിക്കും കേസിന്റെ നിലനില്‍പ്പ്. മൊഴി പ്രോസിക്യൂഷന്‍ വാദത്തിന് വിരുദ്ധമായാല്‍ കേസ് ദുര്‍ബലപ്പെടുകയും ചെയ്യും. സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഇതോടെ ബലം ലഭിക്കുമെന്നതും സര്‍ക്കാറിന് തലവേദനയാകുന്നുണ്ട്.

നിയമസഭയില്‍ വെക്കും വരെ രഹസ്യ രേഖയായതിനാല്‍ വിവരാവകാശ നിയമ പ്രകാരം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന നിലപാടും വരും ദിവസങ്ങളില്‍ സര്‍ക്കാറിന് തിരിച്ചടിയാകും. മുഖ്യമന്ത്രിയുടെ നടപടി അവകാശ ലംഘനമാണെന്ന് സര്‍ക്കാര്‍ തന്നെ തത്വത്തില്‍ സമ്മതിച്ചിരിക്കുകയാണ് ഇതിലൂടെ. രഹസ്യ രേഖയുടെ മേല്‍ മുഖ്യമന്ത്രി എങ്ങനെ നടപടി പ്രഖ്യാപിച്ചെന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടിയും വരും.

സോളാര്‍ റിപ്പോര്‍ട്ട് വിവരാവകാശം വഴി നല്‍കില്ല; രഹസ്യരേഖയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് രഹസ്യരേഖയായതിനാല്‍ വിവരാവകാശനിയമപ്രകാരം പുറത്ത് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ രേഖ പുറത്ത് വിടേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. ആകെ 22 അപേക്ഷകളാണ് റിപ്പോര്‍ട്ടിന് വേണ്ടി ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ടും ആറുമാസത്തിനകം നിയമസഭയില്‍ വെക്കണമെന്നാണ് 1952ലെ അന്വേഷണ കമ്മീഷന്‍ നിയമം 3(1) വകുപ്പ് പറയുന്നത്. ഇതിനുശേഷം മാത്രമേ റിപ്പോര്‍ട്ട് പുറത്തുനല്‍കാന്‍ കഴിയൂ എന്നാണ് നിയമോപദേശം. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാറിന് ലഭിച്ച നിയമോപദേശവും മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പകര്‍പ്പും നല്‍കാമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വിവരാവകശ അപേക്ഷകര്‍ക്ക് മറുപടി നല്‍കാമെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിലെ ആരോപണവിധേയര്‍ക്ക് നിയമപരമായി മുന്നോട്ടുപോകാന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യമാണ്.

അതേസമയം, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നാളെ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കും. ഇതിലും കിട്ടിയില്ലെങ്കില്‍ വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കും. അതിലും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനിടെ, ഡല്‍ഹിയില്‍ വച്ച് മനു അഭിഷേക് സിങ്ങ്വിയുമായും, സുപ്രീം കോടതിയിലെ പ്രമുഖ നിയമ വിദഗ്ധരുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ കൊച്ചിയിലെത്തിയ ഉമ്മന്‍ചാണ്ടി മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമായും കൂടിക്കാഴ്ച നടത്തി. കേസില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ചായിരുന്നു കൂടിക്കാഴ്ച.